കാശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ സൈന്യം വധിച്ചു.

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ബാരാമുല്ല ജില്ലയിലെ സോപോറില്‍ സൈനികരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് വിവരം.

സോപോറില്‍ തീവ്രവാദി സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ പ്രദേശത്ത് തിരച്ചില്‍ നടത്തിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ ശക്തമായ തിരിച്ചടിയിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് കൂടുതല്‍ തീവ്രവാദികളുണ്ടെന്ന നിരീക്ഷണത്തില്‍ തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

കഴിഞ്ഞ ശനിയാഴ്ച ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടിരുന്നു. കുല്‍ഗാമിലെ തന്ത്രിപോരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ട തീവ്രവാദിയില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.