ഉത്തരകൊറിയ്ക്ക് താക്കീതുമായി അമേരിക്ക; ഭീഷണിയെങ്കില്‍ സൈനിക നടപടി

വാഷിംഗ്ടണ്‍: മിസൈല്‍ പരീക്ഷണങ്ങള്‍ പതിവാക്കി നിരന്തരം പ്രകോപനം സൃഷ്ട്ടിക്കുന്ന ഉത്തരകൊറിയക്ക് താക്കീതുമായി അമേരിക്ക. അമേരിക്കയ്ക്കു ഭീഷണിയുണ്ടായാല്‍ ഉത്തരകൊറിയ ശക്തമായ സൈനിക നടപടികള്‍ നേരിടേണ്ടിവരുമെന്നു പെന്റഗണ്‍ മേധാവി ജെയിംസ് മാറ്റിസ് പറഞ്ഞു. ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച പശ്ചാത്തലത്തിലായിരുന്നു ജെയിംസ് മാറ്റിസിന്റെ പ്രതികരണം.

അമേരിക്കവരെ ചെന്നെത്താന്‍ ശേഷിയുള്ള രണ്ട് ഭൂഖണ്ഡാന്തര മിസൈലുകള്‍ ഉത്തരകൊറിയ ജൂലൈയില്‍ പരീക്ഷിച്ചിരുന്നു. ഇതിനു പിന്നാലെ ഉത്തരകൊറിയയെ ചുട്ടുചാമ്പലാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കി. എന്നാല്‍ ട്രംപിന്റെ മുന്നറിയിപ്പും, ഭീഷണിയും തങ്ങളെ ഭയപ്പെടുത്തില്ലെന്നാണ് ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിലൂടെ ഉത്തരകൊറിയ വ്യക്തമാക്കുന്നത്.

ഞായറാഴ്ച ഉത്തരകൊറിയ അതിശക്തമായ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളില്‍ ഘടിപ്പിക്കാവുന്ന 120 കിലോടണ്‍ ബോംബിന്റെ പരീക്ഷണം വന്‍വിജയമായിരുന്നുവെന്ന് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കെ.സി.എന്‍.എ അറിയിച്ചു. 2006ലായിരുന്നു ഉത്തരകൊറിയ ആദ്യ ആണവപരീക്ഷണം നടത്തിയത്. ഉത്തരകൊറിയ നടത്തുന്ന ആറാമത്തെ ആണവപരീക്ഷണമാണിത്.
ഉത്തരകൊറിയക്ക് താക്കീതുമായി അമേരിക്ക; ഭീഷണിയുണ്ടായാല്‍ ശക്തമായ സൈനിക നടപടിയുണ്ടാകും