പ്രാണവായു ലഭിക്കാതെ കുരുന്നുകള്‍; ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ശിശുമരണം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ശിശു മരണം. ഫറൂഖാബാദിലെ രാം മനോഹര്‍ ലോഹ്യ രാജകീയ ചികിത്സാലയിലാണ് ഒരു മാസത്തിനുള്ളില്‍ 49 നവജാതശിശുക്കള്‍ മരിച്ചത്.
നേരത്തെ ഗൊരഖ്പുര്‍ ബി.ആര്‍.ഡി ആശുപത്രിയില്‍ 63 കുട്ടികള്‍ ദിവസങ്ങളുടെ ഇടവേളയില്‍ മരിച്ച സംഭവത്തിന്റെ ആഘാതം അടങ്ങും മുന്‍പേയാണ് ഉത്തര്‍പ്രദേശില്‍ നിന്നുതന്നെ കുട്ടികളുടെ കൂട്ടമരണം വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

മരുന്നുകളുടേയും, ഓക്സിജന്‍ സിലിന്‍ഡറുകളുടേയും അഭാവത്തെ തുടര്‍ന്നാണ് കൂട്ടമരണമുണ്ടായതെന്ന ആരോപണത്തെതുടര്‍ന്ന് സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൂട്ടമരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു.

എന്നാല്‍ കുട്ടികളുടെ പോഷകാഹാര കുറവാണ് മരണകാരണമെന്നും പല കുട്ടികളേയും മരിച്ച ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടു വന്നതെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.
പക്ഷെ ഓക്സിജന്‍ സിലിന്‍ഡറുകള്‍ അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ആശുപത്രിയിലേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 19 തവണ ജില്ലാ കളക്ടര്‍ ആശുപത്രി അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നതായുംറിപ്പോര്‍ട്ടുകളുണ്ട്.