ബാറടച്ചു , ബിവറേജുകള്‍ പൂട്ടി ; എന്നിട്ടും മലയാളികള്‍ തോറ്റില്ല ; ഉത്രാടദിനത്തില്‍ പിറന്നത് പുതിയ റെക്കോഡ്
കോടതിയും , സര്‍ക്കാരും എന്തൊക്കെ ചെയ്താലും ഓണം കുടിച്ചു തീര്‍ക്കുന്നതില്‍ നമ്മള്‍ മലയാളികളെ തോല്‍പ്പിക്കാന്‍ ആകില്ല. ബാര്‍ നിരോധനവും, ദേശിയപാതയിലെ ഔട്ട്‌ലെറ്റുകള്‍ കോടതിവിധികാരണം പൂട്ടേണ്ടി വന്നതും ഒന്നും ഓണക്കാലത്ത് കേരള ബിവറേജസ് കോര്‍പറേഷന് മദ്യവില്‍പന തടസമായില്ല .കാരണം എല്ലാ കൊല്ലത്തെയും പോലെ ഈ വര്‍ഷവും ഓണത്തിന് ബിവറേജസ് കോര്‍പറേഷന് മദ്യ വില്പനയില്‍ റെക്കോഡ് കളക്ഷന്‍. ഉത്രാട ദിനത്തില്‍ മാത്രം വിറ്റത് 71.1 കോടിയുടെ മദ്യം. കഴിഞ്ഞ കൊല്ലം ഇത് 51.51 കോടിയായിരുന്നു. അത്തം മുതല്‍ ഉത്രാടം വരെയുള്ള ദിവസങ്ങളില്‍ വില്‍പന 440.6 കോടിയിലേയ്ക്ക് കുതിച്ചു.
കഴിഞ്ഞവര്‍ഷം ഇത് 411.14 കോടി ആയിരുന്നു. 29.46 കോടിയുടെ വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായത്. തിരവോണ ദിനത്തിലെ കണക്കുകള്‍ കൂടി പുറത്തുവരുമ്പോള്‍ ബവ്‌കോയുടെ വരുമാനം റെക്കോഡിലേയ്ക്ക് കുതിക്കും. ഇരിങ്ങാലക്കുട ഔട്‌ലെറ്റിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ മദ്യവില്‍പന നടന്നത്. ഔട്‌ലറ്റുകള്‍ക്കു പുറമെ വെയര്‍ഹൗസുകള്‍ വഴിയുള്ള വില്‍പന വര്‍ധിച്ചതാണ് വരുമാനം വര്‍ധിക്കാന്‍ കാരണം. അതേസമയം മലയാളികളെ മാത്രം പറയരുത്. കേരളത്തില്‍ എണ്ണം കൂടി വരുന്ന അന്യദേശ തൊഴിലാളികളും ബിവറേജസ് കോര്‍പറേഷന്‍റെ മദ്യവില്‍പന കൂടുവാന്‍ കാരണമായി പറയപ്പെടുന്നുണ്ട്.