ബി ജെ പിയുടെ മംഗളൂരു ചലോ റാലിക്ക് നിരോധനാജ്ഞ; റാലി പോലീസ് തടഞ്ഞു

മംഗളൂരു: ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന ‘മംഗളൂരു ചലോ’ ബൈക്ക് റാലിക്ക് കര്‍ണാടകയില്‍ നിരോധനാജ്ഞ. ബംഗളൂരു സിറ്റി പൊലീസ് കമീഷണറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. റാലിക്ക് പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. നിരോധനാജ്ഞ മറികടന്നും റാലിക്കെത്തിയ വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, റാലിയുമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

അനുമതി നിഷേധിച്ചിട്ടും റാലി നടത്തിയ നിരവധി ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുന്‍ ആഭ്യന്തരമന്ത്രി ആര്‍. അശോക, ശോഭ കരംദ് ലജ്, മിസുറു എം പി, ബി.ജെ.പി യുവ മോര്‍ച്ച പ്രസിഡന്റ് പ്രതാപ് സിംഹ എന്നിവരുള്‍പ്പെടെ 200ലധികം ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയിലാണ്.

ബി.ജെ.പി റാലി നടത്തുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ല.പക്ഷെ നൂറു കണക്കിന് ബൈക്കുകള്‍ ഉപയോഗിച്ച് ഗതാഗതം തടയുന്നത് അംഗീകരിക്കാനാവില്ല. അവരുടേത് രാഷ്ട്രീയപാര്‍ട്ടിയാണെങ്കില്‍ മതസൗഹാര്‍ദം കാത്ത് സൂക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ വളരെ പ്രകോപനമായാണ് പ്രവര്‍ത്തകര്‍ സംസാരിക്കുന്നത്. കാല്‍നടയായി റാലി നടത്താമെന്നു കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. വായ്പ എഴുതിത്തള്ളാന്‍ ആവശ്യപ്പെട്ട്ഡല്‍ഹിയിലേക്ക് ബി.ജെ.പി റാലി നടത്തട്ടെയെന്നും അതിന് തങ്ങളും കൂടെയുണ്ടാകുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയില്‍ ഹിന്ദുക്കള്‍ക്കെതിരായ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി റാലി സംഘടിപ്പിച്ചിരിക്കുന്നത്.