നെടുമ്പാശേരിയില്‍ വിമാനം ടാക്‌സിവേയില്‍നിന്ന് തെന്നിമാറി ഓടയില്‍ വീണു , ഒഴിവായത് വന്‍ദുരന്തം

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനത്തിന് നിയന്ത്രണം തെറ്റി ഓടയില്‍ വീണു. മഴയെത്തുടര്‍ന്ന് ടാക്‌സി ബേയില്‍ നിന്ന് പാര്‍ക്കിംഗ് ബേയിലേക്ക് നീങ്ങുമ്പോഴാണ് സംഭവം. എയര്‍ ഇന്ത്യാ എകസ്പ്രസിന്റെ IX 452 അബുദാബിയില്‍ നിന്നുള്ള വിമാനം കൊച്ചിയില്‍ എത്തിയ പുലര്‍ച്ചെ 2.40നായിരുന്നു സംഭവം. 102 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.വന്‍ ദുരന്തമാണ് ഒഴിവായതെന്നാണ് പ്രാഥമിക നിഗമനം. ലാന്‍ഡുചെയ്ത വിമാനം ടാക്സിവേയിലേക്ക് പോകുമ്പോഴാണ് സംഭവം. അപകടമുണ്ടായ ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി യാത്രക്കാരെയെല്ലാം അടിയന്തരമായി പുറത്തിറക്കി. ലഗേജുകള്‍ വിമാനത്തില്‍ നിന്ന് ഇറക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ പലരും വീട്ടില്‍ പോകാതെ വിമാനത്താവളത്തില്‍ തന്നെ തുടരുകയാണ്.

പൈലറ്റിന്റെ വീഴ്ചയാണ് അപകട കാരണമെന്ന് ഈ രംഗത്തെ വിദ്ഗര്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചത്. ഓടയില്‍ വീണ വിമാനം പുറത്തെത്തിക്കാന്‍ എയര്‍ ഇന്ത്യയുടെ ഫ്‌ലൈറ്റ് സേഫ്റ്റി വിഭാഗം ഉദ്ദ്യോഗസ്ഥര്‍ പരിശ്രമിക്കുയാണിപ്പോള്‍. വിമാനത്തിന്റെ മുന്‍ചക്രത്തിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. വിമാനത്തിന്റെ എന്‍ജിന്‍ അടക്കമുള്ളവ നിലത്ത് തട്ടിയെന്നാണ് യാത്രക്കാര്‍ പറയുന്നത്.