ബംഗ്ലൂരില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയെ വെടിവെച്ചു കൊന്നു

ബംഗളുരു : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചു. ബിജെപിയുടെ കടുത്ത വിമര്‍ശകയും എഴുത്തുകാരിയുമായിരുന്നു ഗൗരി ലങ്കേഷ്. രാജരാജേശ്വരി നഗറിലെ വസതിയില്‍ വെച്ച് കഴുത്തിലും നെഞ്ചിലും വെടിയേറ്റ ഇവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിയുതിര്‍ത്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കല്‍ബുര്‍ഗി വധത്തില്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ കടുത്ത ഭീഷണികള്‍ നേരിട്ടിരുന്നു. വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നതെന്നാണ് പൊലിസ് നല്‍കുന്ന പ്രാഥമിക വിവരം.

ടാബ്ലോയ്ഡ് പത്രമായ ലങ്കേഷ് പത്രികയുടെ എഡിറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ പി ലങ്കേഷിന്റെ മകളാണ്. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. ഇവര്‍ക്കുനേരെ അക്രമി മൂന്നു തവണ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. വര്‍ഗ്ഗീയതയിക്കെതിരായി ശക്തമായ നിലപാടെടുത്ത മാധ്യമപ്രവര്‍ത്തകയായിരുന്നു ഗൗരി. ഇതിന്റെ പേരില്‍ വിവിധ ഭാഗങ്ങളില്‍നിന്ന് ഇവര്‍ നിരന്തരം ഭീഷണി നേരിട്ടിരുന്നു. കര്‍ണാടകത്തിലെ പ്രമുഖ പുരോഗമന ചിന്തകനും എഴുത്തുകാരനുമായിരുന്ന എം.എം. കല്‍ബുര്‍ഗി വെടിയേറ്റു മരിച്ച് രണ്ടു വര്‍ഷം തികയവെയാണ് സമാനമായ മറ്റൊരു കൊലപാതകം കൂടി അരങ്ങേറിയിരിക്കുന്നത്.