മധ്യപ്രദേശിലും ശിശുമരണം ; സര്‍ക്കാര്‍ ആസ്പത്രിയില്‍ മരിച്ചത് 36 കുഞ്ഞുങ്ങള്‍

മധ്യപ്രദേശിലെ ശാഹ്ദോലിലെ സർക്കാർ അധികൃതരുടെ പിഴവു മൂലം ഒരു മാസത്തിനിടെ 36 കുട്ടികൾ മരിച്ചു. ഉത്തര്‍പ്രദേശിലെ ഖരഗ്പുരിലെ ബി.ആര്‍.ഡി ആസ്പത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ചുവീണ സംഭവം നടന്ന അതേ സമയത്തു തന്നെയാണ് അയല്‍ സംസ്ഥാനത്ത് സമാനമായ സംഭവം ഉണ്ടായിരിക്കുന്നത്. ഭോപ്പാലില്‍ നിന്നും 550 കിലോമീറ്റര്‍ അകലെ പ്രദേശത്തെ ഗിരിവര്‍ഗ വിഭാഗക്കാര്‍ക്ക് ഏക ആശ്രയമാണ് ശാഹ്‌ദോലിലെ ഈ സര്‍ക്കാര്‍ ആസ്പത്രി. മികച്ച പരിശീലനം ലഭിച്ച ജീവനക്കാരില്ലാത്തതാണ് നവജാത ശിശുക്കള്‍ മരിച്ചു വീഴുന്നതിന് കാരണമെന്ന് ആശുപത്രി ജീവനക്കാരുടെ വാദം. പ്രവര്‍ത്തിപ്പിക്കാനുള്ള പരിശീലനം ലഭിക്കാത്തതിനാല്‍ ആശുപത്രിയിലെ നാല് വെന്റിലേറ്ററുകള്‍ ഉപയോഗ ശൂന്യമായി കിടക്കുയാണെന്ന് ആശുപത്രി ജീവനക്കാരിൽ ചിലർ വെളിപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം മാത്രം 195 നവജാത ശിശുക്കളേയാണ് കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രത്യേക തീവ്ര പരിചരണ വിഭാഗത്തില്‍ (എസ്.എന്‍.സി.യു) വില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ഭൂരിപക്ഷം കുഞ്ഞുങ്ങളും ഭാരക്കുറവുള്ളവരോ മാസം തികയാതെ പ്രസവിച്ചവരോ ആണ്. ഇതില്‍ 36 കുട്ടികള്‍ മരിച്ചതിന്റെ കാരണം അറിയില്ലെന്നാണ് ആസ്പത്രി അധികൃതര്‍ പറയുന്നത്. എല്ലാ മാസവും നവജാത ശിശുക്കളുടെ മരണ നിരക്ക് പരിശോധിക്കാറുണ്ടെന്നും അടുത്തിടെ മരണസംഖ്യ കുറയുന്നതായാണ് ശ്രദ്ധയില്‍ പെട്ടതെന്നും ചീഫ് മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് ഓഫീസര്‍ ഡോ.രാജേഷ് പാണ്ഡേ പറഞ്ഞു.