മോദി-ഷി ചിന്‍ പിങ് കൂടിക്കാഴ്ച്ച ഇന്ന്, ദോക് ലാ പ്രശനം ചര്‍ച്ച ചെയ്തേക്കും

സിയാമെന്‍: രണ്ട് മാസത്തോളം നീണ്ടു നിന്ന ദോക് ലാ സംഘര്‍ഷത്തിനു ശേഷം ഇന്ത്യ- ചൈന ഉഭയകക്ഷി ചര്‍ച്ച ഇന്ന്. ബ്രിക്‌സ് ഉച്ചകോടിക്ക് വേദിയായ ചൈനയിലെ സിയാമെനില്‍ രാവിലെ പത്തുമണിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങുമായുളള ചര്‍ച്ച നടക്കുക.  ദോക് ലാ അടക്കമുള്ള അതിര്‍ത്തി പ്രശ്‌നങ്ങളില്‍ എന്ത് നിലപാടുകളാവും ഇരുനേതാക്കളും സ്വീകരിക്കുക എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

നിരവധി പ്രകോപനങ്ങള്‍ക്കും, നേരിയ സംഘര്‍ഷങ്ങള്‍ക്കും ശേഷം കഴിഞ്ഞ മാസം 28നാണ്  ദോക് ലായില്‍നിന്ന് ഇരുരാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ചത്. ഇതുവഴി ബ്രിക്‌സില്‍ മുഖാമുഖം ഇരിക്കാനുളള സാഹചര്യമൊരുങ്ങിയെങ്കിലും തര്‍ക്കവിഷയങ്ങള്‍ അതേപടി തുടരുകയാണ്. ഈ സാഹചര്യത്തിലാണു മോദിയും ചിന്‍പിങ്ങുമായി ചര്‍ച്ച നടത്തുന്നത്. അതിര്‍ത്തി പ്രശ്‌നം ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നേക്കും. പരസ്പര വിശ്വാസം ഉയര്‍ത്തുന്നതിനുളള ശ്രമം ഇരുനേതാക്കളും മുന്നോട്ടു വയ്ക്കുമെന്നാണു പ്രതീക്ഷ.

ഇന്ത്യ – ഭൂട്ടാന്‍ – ചൈന അതിര്‍ത്തികള്‍ ഒന്നിക്കുന്ന ദോക് ലായില്‍ അനധികൃതമായി ചൈന റോഡ് നിര്‍മാണം ആരംഭിച്ചതായിരുന്നു സംഘര്‍ഷത്തിന്റെ കാരണം. റോഡ് നിര്‍മാണം ഇന്ത്യ തടഞ്ഞതോടെ സ്ഥിതി രൂക്ഷമാവുകയായിരുന്നു. മുഖാമുഖം നിന്ന സൈന്യത്തെ പിന്‍വലിച്ചെങ്കിലും റോഡ് നിര്‍മാണവുമായി മുന്നോട്ടെന്നാണ് ചൈനീസ് നിലപാട്. അതിനാല്‍ ഷിയാമെനില്‍ ഇരുരാജ്യങ്ങളുടെയും നിലപാട് നിര്‍ണായകമാകും.

ഉച്ചകോടിക്കുശേഷം ഷിയാമെനില്‍ പ്രധാനമന്ത്രിയുടെ അവസാനപരിപാടിയായിട്ടാണ് ഉഭയകക്ഷി ചര്‍ച്ച നടക്കുക.