സംഘര്‍ഷം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി, ആരോഗ്യകരവും ഉറപ്പുള്ളതുമായ ബന്ധമാണ് ആവശ്യമെന്നു മോദി – ഷീ ചിന്‍പിങ്
സിയാമെന്‍: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി. ഒരു മണിക്കൂറോളം നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ അതിര്‍ത്തി പ്രശ്‌നങ്ങളും ചര്‍ച്ചയായി.
പഞ്ചശീല തത്വങ്ങളിലെ വ്യവസ്ഥകളിലൂന്നി ഇന്ത്യ- ചൈന സഹവര്‍ത്തിത്വം തുടരാനാകുമെന്ന് ഷീ ചിന്‍പിങ് പ്രതീക്ഷ പ്രകടിപ്പിച്ചു. മികച്ച അയല്‍ക്കാരായ ഇന്ത്യയും ചൈനയും, വികസിച്ചുകൊണ്ടിരിക്കുന്ന രണ്ടു രാജ്യങ്ങളാണ്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശരിയായ പാതയിലാകണം. ആരോഗ്യകരവും ഉറപ്പുള്ളതുമായ ബന്ധമാണ് ഇരു രാജ്യങ്ങള്‍ക്കും ആവശ്യമെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു.
ബ്രിക്‌സ് ഉച്ചകോടി മികച്ചരീതിയില്‍ നടത്തിയ ചൈനയെ നരേന്ദ്ര മോദി അഭിനന്ദിച്ചു. ദോക് ലാ സംഘര്‍ഷത്തിനുശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും ഉഭയകക്ഷി ചര്‍ച്ച നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. പരസ്പരം വിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള സന്നദ്ധത ഇരുരാജ്യങ്ങളും അറിയിച്ചു.
വിഷയങ്ങളെ ക്രിയാത്മകരീതിയില്‍ പരിഗണിച്ചുകൊണ്ടുള്ളതായിരുന്നു ചര്‍ച്ച. അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ കൈക്കൊള്ളും. സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ ഇരുരാജ്യങ്ങളുംസംയുക്തവുമായി എടുക്കുമെന്ന് ഉറപ്പു നല്‍കിയതായും വിദേശകാര്യ വക്താവ് എസ്.ജയശങ്കര്‍ പറഞ്ഞു.