കൊലയാളി ഗെയിം ബ്ലൂവെയിലിന് തമിഴ്നാട്ടില്‍ നിരോധനം
ചെന്നൈ: ഇന്ത്യയിലുള്‍പ്പടെ നിരവധി കൗമാരക്കാരുടെ ജീവന്‍ നഷ്ട്ടപ്പെടാന്‍ കാരണമായ ബ്ലൂ വെയ്ല്‍ ഗെയിമിന് തമിഴ്നാട്ടില്‍ നിരോധനമേര്‍പ്പെടുത്തി. ബ്ലൂ വെയ്ല്‍ നിരോധിച്ചതായി തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറിയും ഡി ജി പിയും മദ്രാസ് ഹൈക്കോടതിയില്‍ അറിയിച്ചു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി ഗോവിന്ദരാജന്‍ ആണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായത്. ജസ്റ്റിസ് കെ.കെ ശശിധരനും ജി.ആര്‍ സ്വാമിനാഥനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.
ബ്ലൂ വെയ്ലിനു നിരോധനമേര്‍പ്പെടുത്തിയതോടെ ഓണ്‍ലൈന്‍ വഴി പ്രചരിക്കുന്ന ഗെയിമിന്റെ പ്രചരണം തടയുന്നതിനായി നിരവധി സുരക്ഷാ നടപടികളുമായി മുന്നോട്ടു പോവുകയാണ് പോലീസ്. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍, യാഹൂ, മെയില്‍ എന്നിവയിലൂടെ ഗെയിമിന്റെ ലിങ്ക് പങ്കുവെക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കാന്‍ ഡി.ജി.പി ഉത്തരവിട്ടു. ബ്ലൂവെയില്‍ ഗെയിമിനടിമയാകുന്നരുടെ തുടര്‍ച്ചയായ റിപ്പോര്‍ട്ടുകളാണ് സംസഥാനത്ത് പുറത്തുവന്ന് കൊണ്ടിരിക്കുന്നത്.
ഓഗസ്റ്റ് 30ന് കോളേജ് വിദ്യാര്‍ഥി വിഗ്‌നേഷാണ് ഒടുവില്‍ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ച് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസ് പരിഗണിച്ചുകൊണ്ടിരിക്കെ തിങ്കളാഴ്ചയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചത്.