മരുമകളെ അനുസരണം പഠിപ്പിക്കാന്‍ ഇന്ത്യയില്‍ നിന്നും പറന്നെത്തിയ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ജയിലില്‍

പി. പി. ചെറിയാന്‍

ഫ്‌ളോറിഡ: മകന്റെ അഭ്യര്‍ഥനയനുസരിച്ചു മരുമകളെ അച്ചടക്കവും അനുസരണവും പഠിപ്പിക്കുവാന്‍ ഇന്ത്യയില്‍ നിന്നും പറന്നെത്തിയ മാതാപിതാക്കളെയും യുവതിയുടെ ഭര്‍ത്താവിനെയും അറസ്റ്റു ചെയ്തു ജയിലിലടച്ചു. മരുമകളെ മര്‍ദ്ദിക്കുകയും മുറിയിലിട്ടു പൂട്ടുകയും ചെയ്ത കുറ്റത്തിനാണ് മൂവരേയും സെപ്റ്റംബര്‍ മൂന്നിന് ഹിസ്‌ബോടൈ കൗണ്ടി ജയിലില്‍ ജാമ്യമില്ലാതെ അടച്ചിരിക്കുന്നത്.

മുപ്പത്തി മൂന്നു വയസ്സുള്ള സില്‍ക്കി എന്ന യുവതിക്കാണ് ശരീരമാസകലം മര്‍ദ്ദനമേറ്റത്. പ്രസവിച്ചു രണ്ടു മാസം പ്രായമുള്ള കുട്ടിയെ കൈയ്യില്‍ നിന്നും പിടിച്ചുവാങ്ങിയാണ് മര്‍ദ്ദനമുറകള്‍ മൂവരും ഇവര്‍ക്ക് നേരെ പ്രയോഗിച്ചതെന്ന് കൗണ്ടി ഷെറിഫ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. തുടര്‍ച്ചയായ മര്‍ദ്ദനവും മുറിയില്‍ തടവില്‍ പാര്‍പ്പിക്കുന്നതും തുടര്‍ന്നപ്പോള്‍ ഇന്ത്യയിലുള്ള മാതാപിതാകളെ രഹസ്യമായി യുവതി ഫോണ്‍ ചെയ്തു അറിയിച്ചു.

മാതാപിതാക്കള്‍ ഫ്‌ലോറിഡാ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരുമായി ബന്ധപ്പെട്ടു ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. സെപ്റ്റംബര്‍ രണ്ടിന് പൊലീസ് വീട്ടിലെത്തി വാതില്‍ മുട്ടിയപ്പോള്‍ ആദ്യം വാതില്‍ തുറക്കാന്‍ വിസമ്മതിച്ചുവെങ്കിലും പിന്നീട് യുവതി വാതില്‍ തുറന്നു സംഭവങ്ങള്‍ വിവരിച്ചു.

33 വയസ്സുള്ള ഭര്‍ത്താവ് ദേവ്ബീര്‍, മാതാപിതാക്കളായ ജസ് ബന്ദെര്‍ (67), ഭൂപിന്‍ന്ദര്‍ (61) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.