ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച സംഭവം, ഇന്ത്യന്‍ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രതിഷേധിച്ചു

ന്യൂയോര്‍ക്ക് : ബംഗ്ലുരുവിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകയും എഴുത്തുകാരിയും ഫാസിസ്റ്റ് ചിന്തകളുടെ വിമര്‍ശകയും ലങ്കേഷ് പത്രികയുടെ എഡിറ്ററുമായ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച സംഭവത്തില്‍ ഇന്ത്യന്‍ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രതിഷേധം രേഖപ്പെടുത്തി.

ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച സംഭവം മാധ്യമ ലോകത്തെ ഞെട്ടിച്ചു. സ്വവസതിയിലാണ് അവര്‍ കൊല്ലപ്പെട്ടത് എന്നത് അതീവ ഗൗരവതരമാണ്. സംഘപരിവാര്‍ തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തയായ വിമര്‍ശകയായിരുന്നു ഗൗരി ലങ്കേഷ്. ചൊവ്വാഴ്ച ബെംഗളൂരുവിലെ വീട്ടില്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പട്ട ഗൌരി ലങ്കേഷിന്റേത് ഡോ.എം.എം.കല്‍ബൂര്‍ഗിയുടേതിന് സമാനമായ അന്ത്യമായി. സാഹിത്യകാരനും ചിന്തകനുമായിരുന്ന കല്‍ബുര്‍ഗി കൊല്ലപ്പെട്ടിട്ട് രണ്ടു വര്‍ഷം തികഞ്ഞത് അഞ്ചു ദിവസം മുമ്പാണ്. ഇതിന് പിന്നാലെയാണ് ഗൗരി ലങ്കേഷും സമാനമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെടുന്നത്.

2015 ഓഗസ്റ്റ് 30നായിരുന്നു കല്‍ബുര്‍ഗിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി അജ്ഞാത സംഘം വെടിവെച്ച് കൊന്നത്. കല്‍ബുര്‍ഗിയുടെ കൊലപാതകത്തിനെതിരായി ശക്തമായി പ്രതികരിച്ചിരുന്ന ഗൗരി ലങ്കേഷിനെതിരെ നിരന്തരം ഭീഷണികള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യം അവര്‍ പല ഘട്ടങ്ങളിലും തുറന്ന് പറയുകയും ചെയ്തിരുന്നു. കല്‍ബൂര്‍ഗിയുടെ കൊലപ്പെട്ടിട്ട് രണ്ടു വര്‍ഷം പിന്നിട്ടിട്ടും കൊലയാളികളെ ഇതുവരെ പിടികൂടിയിട്ടില്ല. ഇതിനെതിരെ ഗൗരി ലങ്കേഷടക്കമുള്ള ചിന്തകരും സാഹിത്യകാരന്‍മാരും കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
കല്‍ബുര്‍ഗി വധക്കേസില്‍ സംഘപരിവാര്‍ വിമര്‍ശനത്തില്‍ മുന്‍ നിരയില്‍ നിന്ന മാധ്യമ പ്രവര്‍ത്തകയായ ഗൗരി കടുത്ത മോദി വിമര്‍ശക കൂടിയായിരുന്നു. 2008ല്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് എതിരായി പ്രസിദ്ധീകരിച്ച വാര്‍ത്തയുമായി ബന്ധപ്പെട്ട് രണ്ടു മാനനഷ്ട കേസുകളില്‍ കര്‍ണാടകയിലെ ഹുബ്ബാളി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇവരെ ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ വലിയ നിയമപോരാട്ടം നടത്തുകയും ചെയ്തിരുന്നു.

2005ലാണ് ഗൗരിയുടെ പിതാവായ ലങ്കേഷ് ‘ലങ്കേഷ് പത്രിക’ എന്ന പേരില്‍ ടാബ്ലോയിഡ് മാഗസിന്‍ ആരംഭിക്കുന്നത്. സംഘപരിവാര്‍ തീവ്രഹിന്ദുത്വ ശക്തികള്‍ക്കെതിരെ ഇതിലൂടെ കടുത്ത വിമര്‍ശനമാണ് ഗൗരി ലങ്കേഷ് ഉയര്‍ത്തിയിരുന്നത്.

 

ഗൗരി ലങ്കേഷ് കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം ജനാധിപത്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും നേരേയുള്ള ഫാസിസ്റ്റു ശക്തികളുടെ കടന്നുകയറ്റത്തിനെരേ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കൊലയാളികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റി പുറത്തിറക്കിയ പത്രക്കുറുപ്പിൽ ആവശ്യപ്പെട്ടു.