അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി കെ എസ് ആര്‍ ടി സി; ഇനി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ബസ്സ് നിര്‍ത്തില്ല

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ബസ്സിലെ യാത്ര സുരക്ഷിതമാക്കാന്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി കോര്‍പ്പറേഷന്‍. ബംഗളുരുവില്‍ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞു നിര്‍ത്തി യാത്രക്കാരെ കൊള്ളയടിച്ച സാഹചര്യത്തിലാണ് കോര്‍പ്പറേഷന്റെ നടപടി. കേരളത്തില്‍ നിന്നുള്ള അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ഇനിമുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ യാതൊരു കാരണവശാലും നിര്‍ത്താന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം.

ബസുകള്‍ക്ക് ആവശ്യമായ സുരക്ഷ ലഭിക്കാത്ത സാഹചര്യത്തിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ബസുകള്‍ ഇനി നിര്‍ത്തേണ്ടെന്ന് കോര്‍പ്പറേഷന്റെ തീരുമാനം. ഇതു സംബന്ധിച്ച് ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എല്ലാ യൂണിറ്റ് അധികാരികള്‍ക്കും ഉത്തരവ് അയച്ചിട്ടുണ്ട്.

അത്യാവശ്യ ഘട്ടങ്ങളില്‍ ബസ് നിര്‍ത്തേണ്ടി വരികയാണെങ്കില്‍ അടുത്തുള്ള ബസ് സ്റ്റേഷന്‍, പെട്രോള്‍ പാമ്പുകള്‍, റോഡിനോട് ചേര്‍ന്നുള്ള ഭക്ഷണശാലകള്‍ക്ക് മുന്നില്‍ എന്നിവിടങ്ങളിലേ ഇനിമുതല്‍ ബസ് നിര്‍ത്താവൂവെന്നും നിര്‍ദ്ദേശമുണ്ട്.