വിരട്ടല്‍ ഞങ്ങളോട് വേണ്ട; അമേരിക്കക്ക് നല്‍കാന്‍ സമ്മാനം കരുതി വെച്ചിട്ടുണ്ടെന്നു ഉത്തരകൊറിയ

സോള്‍: ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിന് പിന്നാലെ പ്രകോപനവുമായി വീണ്ടും ഉത്തര കൊറിയ രംഗത്ത്. ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഇത് അമേരിക്കയക്കുള്ള സമ്മാനമായിരുന്നു. പ്രകോപനപരമായ പ്രസ്താവനകളും സമ്മര്‍ദ്ദ നിലപാടുകളും അമേരിക്ക തുടര്‍ന്നാല്‍ കൂടുതല്‍ സമ്മാനങ്ങള്‍ അവര്‍ക്ക് സ്വീകരിക്കേണ്ടിവരുമെന്ന് ഐക്യരാഷ്ട്ര സഭയിലെ ഉത്തര കൊറിയന്‍ പ്രതിനിധി ഹാന്‍ തേ സോംഗ് വ്യക്തമാക്കി.

നിരായുധീകരണം സംബന്ധിച്ച് ഐക്യരാഷ്ട്ര സഭ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കവെയാണ് സോംഗിന്റെ പ്രകോപനപരമായ പ്രസ്താവന.

പതിറ്റാണ്ടുകള്‍ നീണ്ട അമേരിക്കന്‍ ആണവ ഭീഷണിയില്‍ നിന്ന് സ്വന്തം ജനതയെ രക്ഷിക്കാനാണ് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചത്. സമ്മര്‍ദ്ദവും വിരട്ടലും തങ്ങളോട് വേണ്ടെന്ന മുന്നറിയിപ്പ് അമേരിക്കക്കു നല്‍കുകയാണെന്നും സോംഗ് പറഞ്ഞു. ഒരു സാഹചര്യത്തിലും ആണവ ആയുധങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ പ്രയോഗിക്കാന്‍ ഉത്തര കൊറിയ തയ്യാറാകില്ലെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.