കുടിയേറ്റ നിയമത്തില്‍ കര്‍ക്കശ നിലപാടുമായി ട്രംപ്, 7000 ത്തോളം ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
വാഷിങ്ടണ്‍: കുടിയേറ്റ വിരുദ്ധ നിലപാടുമായി വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് രംഗത്ത്. ഒബാമ ഭരണകൂടം കൊണ്ടുവന്ന ഡി എ സി എ (ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ്) നിയമം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കി. യു.എസില്‍ മതിയായ രേഖകളില്ലാതെ കഴിയുന്ന കുടിയേറ്റക്കാരെ സാരമായി ബാധിക്കുന്നതാണ് ട്രംപിന്റെ നടപടി.
കുട്ടികളായിരിക്കെ അനധികൃതമായി അമേരിക്കയിലെത്തിയ ആളുകള്‍ക്ക് പില്‍ക്കാലത്ത് അവിടെ ജോലി ചെയ്യാനുള്ള അനുമതി (വര്‍ക്ക് പെര്‍മിറ്റ്)നല്‍കല്‍, സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ഗുണഫലങ്ങള്‍ സ്വീകരിക്കാന്‍ അനുവദിക്കല്‍ എന്നിവ ഉള്‍പ്പെട്ട ഡി എ സി എ പദ്ധതി 2012 ല്‍ മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയാണ് കൊണ്ട് വന്നത്.
അധികാരത്തിലെത്തിയാല്‍ നിയമം റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. നിയമം റദ്ദാക്കുന്ന വിവരം യുഎസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് ആണ് അറിയിച്ചത്. എട്ട് ലക്ഷത്തിലധികം വരുന്ന കുടിയേറ്റക്കാരുടെ ഭാവിയാണ് ഇതോടെ അവതാളത്തിലായത്.ഏഴായിരത്തിലധികം ഇന്ത്യക്കാരെയും ഈ നടപടി ബാധിക്കും.
അതേസമയംട്രംപിന്റെ നടപടിക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുകയാണ്. നിയമം റദ്ദാക്കിയ തീരുമാനത്തെ ക്രൂരമെന്നാണ് ബരാക് ഒബാമ വിശേഷിപ്പിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില നേതാക്കളും ട്രംപിന്റെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തി.