1993 മുംബൈ സ്ഫോടനക്കേസ്; പ്രതികളുടെ ശിക്ഷാവിധി ഇന്ന്, വധ ശിക്ഷ ലഭിക്കാന്‍ സാധ്യത
മുംബൈ: 1993ലെ മുംബൈ സ്‌ഫോടനകേസില്‍ അധോലോകനായകന്‍ അബുസലേമടക്കമുള്ള അഞ്ച് പ്രതികളുടെ ശിക്ഷാവിധി മുംബൈയിലെ പ്രത്യേക ടാഡാ കോടതി ഇന്ന് പുറപ്പെടുവിക്കും. 257 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനക്കേസില്‍ വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണു പ്രതികള്‍ക്കെതിരെ തെളിയിക്കപ്പെട്ടിരിക്കുന്നത്. 1993 മാര്‍ച്ച് 12നു മുംബൈയില്‍ പന്ത്രണ്ടിടത്തായി നടന്ന സ്‌ഫോടനപരമ്പര ആസൂത്രണം ചെയ്തവര്‍ക്കു ഗുജറാത്തില്‍നിന്ന് ആയുധം എത്തിച്ചുനല്‍കി എന്നതാണ് കേസ്.
സ്‌ഫോടനം നടത്തുന്നവര്‍ക്ക് ആയുധങ്ങള്‍ എത്തിച്ചു നല്‍കാന്‍ ഗൂഡാലോചന നടത്തിയതില്‍ അബുസലേം, മുസ്തഫദോസ, ഫിറോസ് അബ്ദുല്‍ റാഷിദ്ഖാന്‍, താഹിര്‍ മെര്‍ച്ചന്റ്, റിയാസ് സിദ്ധീഖി, കരീമുള്ളാ ഖാന്‍ എന്നിവര്‍ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. കേസില്‍ ഒരാളെ വെറുതേവിട്ടു. എന്നാല്‍, വിചാരണയ്ക്കിടെ പ്രധാന പ്രതികളിലൊരാളായ മുസ്തഫദോസ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. ബാക്കിയുള്ള അഞ്ചുപേരുടെ ശിക്ഷയാണു കോടതി ഇന്ന് വിധിക്കുക. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ യാക്കൂബ് മേമനെ രണ്ടുവര്‍ഷം മുന്‍പു തൂക്കിലേറ്റിയിരുന്നു.