നാദിര്‍ ഷായെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു; ആശുപത്രിയിലാണെന്നറിയിച്ച് ഒഴിഞ്ഞു മാറി താരം

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. പക്ഷെ ചോദ്യം ചെയ്യലിന് വേണ്ടി താരം ഇതുവരെയും ഹാജരായിട്ടില്ല. നെഞ്ചു വേദനയെ തുടര്‍ന്ന് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് നാദിര്‍ ഷാ എന്നാണ് പൊലീസിന് നല്‍കിയ വിശദീകരണം. അതെ സമയം ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറാനായാണ് നാദിര്‍ഷ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതെന്നും വിവരമുണ്ട്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നാദിര്‍ഷായെ നേരത്തെ അന്വഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ നാദിര്‍ഷ നേരത്തെ പറഞ്ഞ പല കാര്യങ്ങളും കളവാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതേ തുടര്‍ന്ന് കൂടുതല്‍ വ്യക്തത വരുത്താനാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ആശുപത്രി വിട്ടാല്‍ ഉടന്‍ നാദിര്‍ഷായെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. ഇതിനിടെ നാദിര്‍ഷാ നിയമോപദേശം തേടി. മുന്‍കൂര്‍ ജാമ്യം തേടണമോയെന്ന കാര്യങ്ങളടക്കം അഭിഭാഷകരുമായി ചര്‍ച്ച ചെയ്തു. ഹൈക്കോടതിയിലെ ഒരു അഭിഭാഷകനില്‍ നിന്നാണ് നിയമോപദേശം തേടിയത്.

ആലുവ പോലീസ് ക്ലബ്ലിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്യാനായിരുന്നു പോലീസിന്റെ തീരുമാനം. എന്നാല്‍ താരം ഇന്നലെ ഉച്ചയോടെ നെഞ്ചുവേദനയെന്ന കാരണത്താല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കേസില്‍ നാദിര്‍ഷായെ മാപ്പു സാക്ഷിയാക്കാന്‍ പോലീസ് ശ്രമം നടത്തുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.