സ്വവര്‍ഗാനുരാഗിയെന്ന പേരില്‍ കാഴ്ചശക്തിയില്ലാത്ത വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി ; സംഭവം ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍
യു.പി : സ്വവര്‍ഗാനുരാഗി എന്ന പേരില്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയ്ക്ക് കീഴിലുള്ള വനിതാ കോളേജ് ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ത്ഥിനിയെ പുറത്താക്കി. ജന്മനാ കാഴ്ചശക്തി കുറവുള്ള ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെയാണ് കോളേജ് അധികൃതര്‍ പുറത്താക്കിയത്. വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കളെ കോളേജിലേക്ക് വിളിച്ചുവരുത്തിയെന്നും മകളുടെ ‘രോഗം’ ചികിത്സിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.ഹോസ്റ്റലിലെ മറ്റു വിദ്യാര്‍ത്ഥിനികളുടെ പരാതിയിലാണ് വിദ്യാര്‍ത്ഥിനിയെ പുറത്താക്കിയതെന്നാണ് ഹോസ്റ്റല്‍ അധികൃതര്‍ പറയുന്നത്. അതേ സമയം വിദ്യാര്‍ത്ഥിനിയെ പുറത്താക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും കൗണ്‍സിലിംഗ് നല്‍കാനാണ് വിചാരിച്ചിരുന്നതെന്ന് പരാതി നല്‍കിയ വിദ്യാര്‍ത്ഥിനികളിലൊരാള്‍ പറഞ്ഞു.എന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെയാണ് വിദ്യാര്‍ത്ഥിനിയെ പുറത്താക്കിയത്.
കോളേജ് ഹോസ്റ്റലില്‍ സ്വവര്‍ഗാനുരാഗികളായ വിദ്യാര്‍ത്ഥിനികളെ താമസിക്കാന്‍ അനുവദിക്കില്ലെന്ന് കോളേജ് പറഞ്ഞിരുന്നു.നേരത്തെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി മാത്രം പ്രത്യേക നിയമങ്ങള്‍ കൊണ്ടുവന്ന സര്‍വകലാശാല നടപടിക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ രംഗത്ത് വന്നിരുന്നു. അതിന്‍റെ പേരില്‍ സര്‍വ്വകലാശാല ലൈബ്രറി 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തതിന് എട്ട് വിദ്യാര്‍ത്ഥിനികളെ പുറത്താക്കിയിരുന്നു. ജയിലില്‍ ഉള്ളതിലും കടുത്ത നിയമങ്ങളാണ് സര്‍വകലാശാല പെണ്‍കുട്ടികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്നത്.
വിദ്യാര്‍ത്ഥിനികള്‍ സ്വന്തം ഇഷ്ടപ്രകാരം വസ്ത്രം ധരിക്കരുത്. ‘മാന്യമായി’ വസ്ത്രം ധരിച്ചുകൊണ്ടേ റൂമിന് പുറത്തിറങ്ങാവൂ.
ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ റൂമില്‍ വൈഫൈ/ലാന്‍ സൗകര്യങ്ങള്‍ ഉപയോഗിക്കരുത്.
വിദ്യാര്‍ത്ഥിനികള്‍ രാത്രി പത്ത് മണിക്ക് ശേഷം മൊബൈല്‍ഫോണില്‍ സംസാരിക്കരുത്. നിശ്ചിത സമയത്തിന് ശേഷം ഫോണില്‍ സംസാരിക്കണമെങ്കില്‍ ആരോടാണ് സംസാരിക്കുന്നതെന്ന് വ്യക്തമാക്കുന്ന തരത്തില്‍ ലൗഡ്‌സ്പീക്കറില്‍ സംഭാഷണം ലൗഡ്‌സ്പീക്കറില്‍ കേള്‍പ്പിക്കണം. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ മത്സ്യവും മാംസവും കഴിക്കരുത്.
പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മാതാപിതാക്കള്‍ക്കുപോലും സന്ദര്‍ശിക്കാന്‍ അനുവാദമില്ല. ഇങ്ങനെ പോകുന്നു നിയമങ്ങള്‍.
അതേസമയം വിദ്യാര്‍ത്ഥിനിയെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ സര്‍വകലാശാലയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഒന്നാം വര്‍ഷക്കാരിയായ വിദ്യാര്‍ത്ഥിനി ഹോസ്റ്റലിലെത്തിയിട്ട് മാസങ്ങളായിട്ടേ ഉള്ളൂ. സംഭവം കൈകാര്യം ചെയ്യേണ്ട രീതി ഇതല്ലായിരുന്നുവെന്നും തെളിവില്ലാതെയാണ് നടപടിയെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.