കോയമ്പത്തൂരില്‍ ബസ് സ്റ്റാന്‍ഡിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് അഞ്ചു പേര്‍ മരിച്ചു

കോയമ്പത്തൂരില്‍: കോയമ്പത്തൂരിന് സമീപം സോമനൂരില്‍ ബസ് സ്റ്റാന്‍ഡിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് രണ്ട് സ്ത്രീകളുള്‍പ്പടെ അഞ്ചു പേര്‍ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍പ്പെട്ടവരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലും സമീപത്തെ മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ ഒരുബസ്സ് തകര്‍ന്നിട്ടുണ്ട്. 50 അടി നീളത്തില്‍ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നുവീണതായാണ് റിപ്പോര്‍ട്ട്. ബസ് കാത്തിരുന്ന യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്.

തകര്‍ന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പത്തു പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്. അഗ്‌നിശമന സേനയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
അടുത്തകാലത്ത് ശക്തമായ മഴയില്‍ ബസ് സ്റ്റാന്‍ഡിന്റെ മേല്‍ക്കൂര ഏറെക്കൂറെ നശിച്ചിരുന്നതായും നല്ല ചോര്‍ച്ചയുണ്ടായിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മേല്‍ക്കൂരയില്‍ നിന്ന് സിമന്റ് പ്ലാസ്റ്റിംഗ് ഇടിഞ്ഞുവീണിരുന്നു.