മൂന്നാറിന്റെ സൂപ്പര്‍ സ്റ്റാര്‍.. പടയപ്പ (കാട്ടാന) തിരുമ്പി വന്തിട്ടേന്‍

തൊടുപുഴ: ഇത് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ പടയപ്പ സിനിമയുടെ കാര്യമല്ല പറയുന്നത്. ഇടുക്കി ജില്ലയിലെ കാടിനുള്ളിലെ പടയപ്പയുടെ കാര്യമാണ്. കക്ഷിയൊരു കാട്ടുകൊമ്പനാണ്. പക്ഷെ ഇവന്‍ കൂടുതലും ജനവാസ മേഖലയിലാണ് കറക്കം. കാട്ടാനയാണെങ്കിലും ആരെയും ഉപദ്രവിക്കാറില്ല. മൂന്നാറിലെ ഏറ്റവും തലയെടുപ്പുളള കാട്ടാനയ്ക്ക് മൂന്നാര്‍-മറയൂര്‍ റൂട്ടിലെഡ്രൈവര്‍മാരാണ് പടയപ്പയെന്ന് പേരിട്ടത്. രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ഇറങ്ങിയ ശേഷമായിരുന്നു ഈ നാമകരണം .

മൂന്നാര്‍ ടൌണിലെയും പരിസര പ്രദേശങ്ങളിലെയും സജീവ സാന്നിധ്യമായിരുന്ന പടയപ്പയെ ഒരു വര്‍ഷത്തോളമായി കാണാനില്ലായിരുന്നു. പടയപ്പയെ കാണാതായ വിവരം പ്രദേശത്ത് ചര്‍ച്ചാവിഷയവുമായി. പടയപ്പ എവിടെ പോയെന്നോ, എന്ത് പറ്റിയെന്നോ ആര്‍ക്കും ഒരു വിവരവുമില്ല. എന്നാല്‍ തിരുവോണനാളില്‍ അപ്രതീക്ഷിതമായ പടയപ്പയെത്തി. രാജമലയില്‍ രാത്രി പത്തുമണിക്കു ശേഷമാണ് പടയപ്പ പഴയതുപോലെ റോന്തു ചുറ്റിയത്.

പടയപ്പയുടെ കൊമ്പ് നീളം കൂടിയതും വടിവൊത്ത ആകൃതിയുള്ളതുമാണ്. പുറകിലെ ഒരു കാലിന് ചെറിയ മുടന്തുണ്ട്. രാജമല പ്രദേശത്താണ് പടയപ്പയെ കൂടുതലും കാണാനാകുക. റോഡരികിലെ കടകളൊക്കെ അടച്ച് ആളൊഴിഞ്ഞ ശേഷമാണ് പടയപ്പ തന്റെ ദിവസേനയുള്ള വിസിറ്റിങിനിറങ്ങുക. മിക്കപ്പോഴും വിനോദസഞ്ചാരികള്‍ പടയപ്പയുടെ ചിത്രങ്ങള്‍ പകര്‍ത്താറുണ്ട്. ശാന്ത സ്വഭാവക്കാരനായ പടയപ്പ ഒരു സൂപ്പര്‍ സ്റ്റാറിന്റെ ഗെറ്റപ്പില്‍ ഫോട്ടോക്ക് പോസ് ചെയ്യാറുമുണ്ട്.

ഒരിക്കല്‍ പാലത്തിനടിയില്‍ ഒളിപ്പിച്ചുവച്ച ചാക്കുകളിലെ കാരറ്റ് മുഴുവനും തിന്ന് പടയപ്പ സ്ഥലംവിട്ട കാര്യം മൂന്നാര്‍ നിവാസികളുടെ പ്രിയപ്പെട്ട കഥകളിലൊന്നാണ്. മൂന്നാറിലും പരിസരപ്രദേശത്തും കാട്ടാന ശല്യം രൂക്ഷമാണ്. അഞ്ചോളം കാട്ടാനകള്‍ ദുരൂഹസാഹചര്യങ്ങളില്‍ ചരിയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ പ്രിയപ്പെട്ട പടയപ്പ മടങ്ങിയെത്തിയിരിക്കുന്നത്.