ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിക്കുന്ന യു പിയില്‍ കുംഭമേളയ്ക്കായി സര്‍ക്കാര്‍ ചിലവഴിക്കുന്നത് 2500 കോടി
ലഖ്‌നൗ : ഗോരാഖ്പൂരില്‍ ആശുപത്രി കുടിശിക വരുത്തിയതിന്റെ പേരില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച ഉത്തര്‍പ്രദേശില്‍ കുംഭമേളയ്ക്കായി യോഗി ആദ്യത്യനാഥ് സര്‍ക്കാര്‍ ചിലവഴിക്കുന്നത് 2500 കോടി. ഓള്‍ ഇന്ത്യ റേഡിയോയാണ് കുംഭമേള വിജയിപ്പിക്കുന്നതിനായി സര്‍ക്കാര്‍ വന്‍ തുക നീക്കിവച്ചിരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. യു.പിയില്‍ ശിശുമരണങ്ങള്‍ തുടര്‍ക്കഥയാകുന്നതിനിടെയാണ് അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതിനു പകരം ഭീമമായ തുക സര്‍ക്കാര്‍ കുംഭമേളക്കായി ചിലവഴിക്കുന്നത്. യോഗിയുടെ തന്നെ മണ്ഡലത്തിലെ ബി.ആര്‍.ഡി ആശുപത്രിയിലായിരുന്നു ഓക്‌സിജന്‍ വിതരണം മുടങ്ങിയതിനെത്തുടര്‍ന്ന് കുട്ടികള്‍ മരിച്ചത്.
ഓക്‌സിജന്‍ വിതരണം ചെയ്യുന്ന ഏജന്‍സിക്ക് മാസങ്ങളോളം തുക ലഭിക്കാതെ വന്നതോടെയാണ് ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടത്. ഇതേത്തുടര്‍ന്ന് 100 ഓളം കുട്ടികളായിരുന്നു ആശുപത്രിയില്‍ മരിച്ചത്. ഇതിനു ശേഷവും 200 ലേറെ കുട്ടികള്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം യു.പിയില്‍ കൊല്ലപ്പെട്ടിരുന്നു. ആശുപത്രി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ശ്രദ്ധ നല്‍കാതെയാണ് യോഗി സര്‍ക്കാര്‍ കുംഭമേളയ്ക്കായി വന്‍തുകയൊരുക്കുന്നത്. അതേസമയം അര്‍ധ കുംഭമേളുടെ ഒരുക്കങ്ങള്‍ നടത്തി വരികയാണെന്നും ഇത്തവണത്തെ കുംഭമേള സംസ്ഥാനത്തെ കര്‍ഷകര്‍ക്കായി സമര്‍പ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അലഹബാദില്‍ യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.