വിദേശികള്‍ ഇന്ത്യയിലേയ്ക്ക് വരുന്നതിന് മുന്‍പ് സ്വന്തം രാജ്യത്തു നിന്ന് ബീഫ് കഴിക്കട്ടെ; നിലപാട് തിരുത്തി ടൂറിസം മന്ത്രി

 

ബീഫ് വിഷയത്തില്‍ തന്റെ നിലപാടറിയിച്ച് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിദേശ വിനോദ സഞ്ചാരികള്‍ ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് സ്വന്തം രാജ്യത്തുനിന്നു ബീഫ് കഴിച്ചിട്ട് വന്നാല്‍ മതിയെന്നാണ് മന്ത്രിയുടെ പുതിയ നിര്‍ദേശം.

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ബീഫ് നിരോധനം ടൂറിസത്തെ ബാധിക്കുമോയെന്ന ചോദ്യത്തോടുള്ള പ്രതികരണമെന്ന നിലയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കേരളത്തിലെയും ഗോവയിലെയും ആളുകള്‍ ബീഫ് കഴിക്കുന്നത് തുടരുമെന്നും അതില്‍ ബി.ജെ.പി. ഇടപെടില്ലെന്നുമായിരുന്ന മന്ത്രിയായി ചുമതലയേറ്റതിന്റെ അടുത്ത ദിവസം അല്‍ഫോന്‍സ് കണ്ണന്താനം പ്രതികരിച്ചത്.

എന്നാല്‍, ഇത് പറഞ്ഞത് മൂന്ന് ദിവസങ്ങള്‍ക്കു ശേഷം വിദേശ വിനോദസഞ്ചാരികളുടെ കാര്യത്തില്‍ അദ്ദേഹം നിലപാട് തിരുത്തുകയായിരുന്നു. പുരാതന സംസ്‌കാരത്താല്‍ സമ്പന്നമാണ് നമ്മുടെ രാജ്യം.

നമ്മുടെ ചരിത്രത്തെ നാം സ്‌നേഹിക്കണം. നമ്മുടെ രാജ്യത്തിന്റെ ഭംഗിയെ കുറിച്ച് വിദേശികളോട് പറയാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.