ക്ഷീണമകറ്റാന്‍… കണ്ണന്താനത്തിന് വമ്പന്‍ സ്വീകണമൊരുക്കി സംസ്ഥാന ബിജെപി, സത്യപ്രതിജ്ഞ ചടങ്ങു നടന്നപ്പോള്‍ കേരളത്തില്‍ ശ്മശാനമൂകത
കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയിലൂടെയുണ്ടായ അപ്രതീക്ഷിത ആഘാതത്തെ മറയ്ക്കാന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് സംസ്ഥാന ബി.ജെ.പി. സ്വീകരണമൊരുക്കും. സംസ്ഥാനത്തിന്റെ പ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പോലും ആഘോഷിക്കാതിരുന്ന പാര്‍ട്ടി മന്ത്രിയുടെ സ്വീകരണത്തിന് ഒരാഴ്ചത്തെ പരിപാടികളാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
കേന്ദ്ര ടൂറിസം ഐ.ടി. സഹമന്ത്രിയായി സ്ഥാനമേറ്റ അല്‍ഫോണ്‍സ് കണ്ണന്താനം ഞായറാഴ്ചയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്നത്. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ പരിഗണിക്കാതെ കേന്ദ്രവുമായി അടുത്ത ബന്ധമുള്ള നിര്വാഹകസമിതിയംഗത്തെ മന്ത്രിയാക്കിയാക്കിയതില് എതിര്‍പ്പ് പുകയുന്നതിനിടെയാണ് സ്വീകരണം.
നേതാക്കളുമായി പോലും ആലോചിക്കാതെ തുടര്‍ച്ചയായി പുറത്തുനിന്നുള്ളവരെ നിര്‍ണ്ണായക സ്ഥാനങ്ങളിലേക്ക് നിശ്ചയിക്കുന്നതിലൂടെ അണികളുടെ വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയിലാണ് പാര്‍ട്ടി സംസ്ഥാന ഘടകം. സുരേഷ് ഗോപിയെയും റിച്ചാര്‍ഡ് ഹേയെയും രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തപ്പോഴും കേന്ദ്രം അഭിപ്രായം തേടിയിരുന്നില്ല.
ഇതിലൂടെ പാര്‍ട്ടിയിലെ വിഭാഗീയത ശക്തിപ്പെടുമ്പോഴാണ് അതു മറയ്ക്കാന്‍ സ്വീകരണം ഒരുക്കിയിരിക്കുന്നത്. രാവിലെ 9.30ന് വിമാനത്താവളത്തില്‍ മന്ത്രിയെ സ്വീകരിക്കാന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെത്തും. സംസ്ഥാന ഭാരവാഹികളും ഘടകകക്ഷി നേതാക്കളും ഒപ്പമുണ്ടാകും.
തുടര്‍ന്ന് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ സ്വീകരണം നല്‍കും.തുടര്‍ന്ന് വലിയ പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.