ഗൗരി ലങ്കേഷിന്റെ കൊലപാതകം: പ്രതികളുടെ രേഖാ ചിത്രമൊരുക്കി പോലീസ്, സൂചനകള്‍ സിസിടിവിയില്‍ നിന്ന്
അക്രമികളുടെ വെടിയുണ്ടകള്‍ക്ക് മുന്നില്‍ ജീവന്‍ പൊലിഞ്ഞ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ഘാതകരുടെ രേഖാചിത്രം പോലീസ് തയാറാക്കി. ഗൗരിയുടെ വീട്ടില്‍ നിന്നും ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അക്രമിയുടെ രേഖാചിത്രം പോലീസ് തയാറാക്കിയിരിക്കുന്നത്.
എന്നാല്‍ രേഖാചിത്രം ചിത്രം പോലീസ് പുറത്ത് വിട്ടില്ല. അക്രമികള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ വൈസര്‍ ഭാഗത്ത് കൂടി പുറത്ത് കാണുന്ന മുഖഭാഗങ്ങള്‍ മാത്രം ഉപയോഗിച്ചാണ് ഏകദേശ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്.
20, 25 വയസ്സ് പ്രായമുള്ള അഞ്ചരയടി പൊക്കമുള്ളയാളുടെ ദൃശ്യങ്ങളാണ് വീടിന് പിന്നിലായി സ്ഥാപിച്ചിട്ടുള്ള നാല് സി.സി.ടി.വി. ക്യാമറകളില്‍ പതിഞ്ഞിരിക്കുന്നത്. 15 ദിവസം മുന്‍പ് മാത്രമാണ് വീട്ടില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചത്.
കൊലപാതകം സംബന്ധിച്ച പ്രാഥമിക സൂചനകള്‍ പോലീസിന് ലഭ്യമായിട്ടുണ്ടെങ്കിലും വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടാനാകില്ലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. ഐ.ജി. ബി.കെ. സിങിന്റെ മേല്‍നോട്ടത്തിലുള്ള 21 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.