നിഗൂഢതയുടെ പൂട്ടു പൊളിക്കാന്‍; ഗുര്‍മീതിന്റെ കേന്ദ്രത്തില്‍ എത്തിയത് കൊല്ലപ്പണിക്കാര്‍ മുതല്‍ പട്ടാളം വരെ, പരിശോധന തുടരുന്നു..

ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന്റെ നിഗൂഢമായ സാമ്രാജ്യത്തിന്റെ ഉള്ളറകളിലേക്ക് പോലീസ് പരിശോധന ആരംഭിച്ചു.

പൂട്ട് പൊളിക്കാന്‍ ഒരു ഡസണ്‍ കൊല്ലപ്പണിക്കാര്‍, സുരക്ഷയ്ക്ക് ഡോഗ് സ്‌ക്വാഡിന്റെ പിന്തുണയോടെ 41 കമ്പനി കേന്ദ്രസേന, മുന്‍കരുതലായി നിരോധനാജ്ഞ, ദൃശ്യങ്ങള്‍ പകര്‍ത്താന്‍ 50 വീഡിയോഗ്രാഫര്‍മാര്‍ തുടങ്ങി വന്‍ സന്നാഹങ്ങളോടെയാണ് സിന്‍സയിലെ ആശ്രമത്തില്‍ വെള്ളിയാഴ്ച കോടതിയുടെ മേല്‍നോട്ടത്തില്‍ അധികൃതര്‍ പ്രവേശിച്ചത്.

സിര്‍സയില്‍ 700 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ദേര സച്ച സൗദയുടെ ആസ്ഥാനത്ത് പരിശോധനയ്ക്കായി വെള്ളിയാഴ്ച രാവിലെയാണ് ഹരിയാന പോലീസും കോടതി അധികൃതരും എത്തിയത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പഞ്ചാബ്ഹരിയാന ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം വിരമിച്ച ജില്ലാ സെഷന്‍ ജഡ്ജ് അനില്‍കുമാര്‍ സിങ്ങ് പന്‍വാറിന്റെ നേതൃത്വത്തിലാണ് രാവിലെ 8.30 ഓടെ സംഘം സിര്‍സയില്‍ എത്തി.

ഈഫല്‍ടവറിന്റെയും, താജ്മഹലിന്റെയും, ഡിസ്‌നി വേള്‍ഡിന്റെയുമെല്ലാം രൂപ മാതൃകയില്‍ സ്‌കൂള്‍, ഹോസ്പിറ്റല്‍, സ്റ്റേഡിയം, സിനിമ തീയ്യേറ്റര്‍ തുടങ്ങി എണ്ണമറ്റ സ്ഥാപനങ്ങളാണ് ഗുര്‍മീത് ഇക്കാലം കൊണ്ട് സിര്‍സയിലെ തന്റെ സാമ്രാജ്യത്തില്‍ കെട്ടിപ്പടുത്തത്. ഗുര്‍മീതിന്റെ പ്രത്യേക ആവശ്യത്തിനായുള്ള പിങ്ക് ബില്‍ഡിംഗ് എന്ന പേരിലുള്ള ഗുഹാ കെട്ടിടവും പരിശോധനയ്ക്ക് വിധേയമാക്കേണ്ട പ്രധാന സ്ഥലങ്ങളിലൊന്നാണ്.

പരിശോധന പൂര്‍ത്തിയാവുന്നതോടെ ഞെട്ടിക്കുന്ന പല വിവരങ്ങളും കണ്ടെത്താനാവുമെന്നാണ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്. ഗുര്‍മീതിന്റെ അറസ്റ്റിന് പിന്നാലെ ഇവിടെ നടത്തിയ പരിശോധനയില്‍ എ.കെ 47 തോക്കുകളും, റൈഫിളുകളും, പെട്രോള്‍ ബോംബുകളും അടക്കം വന്‍ ആയുധ ശേഖരം പോലീസ് പിടിച്ചെടുത്തിരുന്നു. കോടതി നിര്‍ദേശ പ്രകരം അന്തേവാസികളെ പുറത്താക്കിയായിരുന്നു പരിശോധന. തുടര്‍ന്നാണ് കൂടുതല്‍ പരിശോധനയ്ക്കായി വന്‍ സന്നാഹനങ്ങളോടെ വെള്ളിയാഴ്ച പോലീസും അധികൃതരും ആശ്രമത്തില്‍ പ്രവേശിച്ചത്.

നിയമാനുസൃതമായി തന്നെയാണ് ആശ്രമം പ്രവര്‍ത്തിക്കുന്നതെന്നാണ് ദേര വക്താവ് വിപാസന ഇന്‍സാന്‍ പോലീസ് പരിശോധനയോട് പ്രതികരിച്ചത്. എന്നാല്‍ ഗുര്‍മീതിന്റെ പ്രധാന സഹായികളായ ഹണിപ്രീത്, ആദിത്യ എന്നിവര്‍ ഒളിവിലാണ്. ഇവരെ ഉടന്‍ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.