സ്വിറ്റ്സര്‍ലന്‍ഡില്‍ കേളി ഓണം സെപ്റ്റംബര്‍ 16ന്

ജേക്കബ് മാളിയേക്കല്‍

സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി വിപുലമായി ഒരുക്കുന്ന പത്തൊമ്പതാമത് ഓണാഘോഷം സെപ്റ്റംബര്‍ 16ന് ശനിയാഴ്ച. സൂറിച്ചില്‍ വിശാലമായ ഹെസ്ലി ഹാളിലാണ് ഓണാഘോഷപരിപാടികള്‍ അരങ്ങേറുക.

എന്നും രുചിക്കൂട്ടിന്റെ ഓണസദ്യ ഒരുക്കുന്ന കേളിയുടെ ഓണസദ്യ പ്രശംസനീയമാണ്. തൂശനിലയില്‍ വിളമ്പുന്ന വിഭവസമൃദ്ധമായ ഓണ സദ്യക്ക് ശേഷം സമ്മേളനവും കലാസന്ധ്യയും അരങ്ങേറും. പൊതുസമ്മേളനത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരനായ മുരളി തുമ്മാരുകുടി മുഖ്യാതിഥി ആയിരിക്കും.

സ്വിറ്റ്സര്‍ലന്‍ഡിലെ തന്നെ പ്രതിഭ ടില്‍ജ പാറപ്പുറം നൂറില്‍ പരം കുമാരീ കുമാരന്മാരെ അണിനിരത്തി അണിയിച്ചൊരുക്കുന്ന നൃത്ത്യശില്പത്തോടെ കലാസന്ധ്യക്ക് തുടക്കം കുറിക്കും. മലയാളത്തിന്റെ മണിമുത്ത് അപര്‍ണാ ബാലസുബ്രഹ്മണ്യം പിന്നണി ഗായകരായ ഫ്രാങ്കോ, അനൂപ് കൂടാതെ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ താരമായി മാറിയ രാധിക തുടങ്ങിയവര്‍ ഒരുക്കുക്കുന്ന ഗാനവിസ്മയവും ഉണ്ടായിരിക്കും.

സ്വിറ്റ്സര്‍ലന്‍ഡിലെ തന്നെ കര്‍ഷകര്‍ ഒരുക്കുന്ന കാര്‍ഷികമേള കേളി ഓണത്തിന്റെ പ്രത്യേകത കൂടിയാണ്. ജൈവ കാര്‍ഷികോല്‍പന്നങ്ങളുടെ വില്പനയും പ്രദര്‍ശന പവിലിയനില്‍ ഉണ്ടായിരിക്കുന്നതാണ്.

രണ്ടു പതിറ്റാണ്ടുകളായി ഓണവും പുറമെ കലാമേളയെന്ന യുവജനോത്സവും സാമൂഹ്യസേവനവും യൂറോപ്പിലെ മലയാളം ലൈബ്രറിയും നടത്തുന്ന കേളി ഏറ്റവും നല്ല പ്രവാസി സംഘടനക്കുള്ള അവാര്‍ഡും നേടിയിട്ടുണ്ട്. കേളിയുടെ കലാസായാഹ്നങ്ങളില്‍ നിന്നും ലഭിക്കുന്ന തുക മുഴുവനും കേരളത്തിലെ സാമൂഹ്യ സേവന രംഗത്ത് വിനിയോഗിക്കുന്നു.

കേളിയുടെ ഓണാഘോഷപരിപാടികളിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും സാദരം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.