നാദിര്‍ഷയുടെ അറസ്റ്റ് തടയാനാകില്ല; മൂന്‍കൂര്‍ ജാമ്യാപേക്ഷ 13ന് പരിഗണിക്കും, ആശുപത്രി വാസം തുടര്‍ന്ന് നാദിര്‍ഷ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന സംവിധായകന്‍ നാദിര്‍ഷായുടെ ആവശ്യം ഹൈക്കോടതി തള്ളി. മുന്‍കൂര്‍ ജാമ്യത്തിനു ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജിയിലാണ് അറസ്റ്റ് തടയണമെന്നു നാദിര്‍ഷാ ആവശ്യപ്പെട്ടിരുന്നത്.

അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷ 13നു പരിഗണിക്കാന്‍ വേണ്ടി കോടതി മാറ്റി. നാദിര്‍ഷായ്ക്കു മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെയാണ് നാദിര്‍ഷ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. എന്നാല്‍ ഇപ്പോഴും ആശുപത്രിയില്‍ തന്നെ തുടരുകയാണ്.

അതിനിടെ, ദിലീപിനെതിരെ മൊഴി നല്‍കാന്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തിയെന്നു നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ആരോപിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിന്റെ പേരില്‍ അറസ്റ്റിനു നീക്കം നടക്കുന്നുവെന്നും നാദിര്‍ഷ കോടതിയില്‍ അറിയിച്ചു.

അതിനിടെ, ഭീഷണിപ്പെടുത്തുന്നതായുള്ള നാദിര്‍ഷായുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു. അത്തരത്തിലൊരു പരാതി കിട്ടിയാല്‍ അന്വേഷിക്കും. അതേസമയം ദിലീപിന്റെ അമ്മ നല്‍കിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയതായും ഡിജിപി പറഞ്ഞു.