കണ്ണന്താനത്തിന്റേത് മലയാളികളെ വഞ്ചിക്കുന്ന നടപടി; കളം മാറ്റിച്ചവിട്ടിയെന്നും ചെന്നിത്തല
ഇന്ത്യയിലേക്ക് വരുന്ന വിദേശ സഞ്ചാരികള്‍ സ്വന്തം രാജ്യത്തുനിന്നു ബീഫ് കഴിച്ചിട്ടു വരുന്നതാണ് ഉചിതമെന്നു പറഞ്ഞ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റേത് മലയാളികളെ വഞ്ചിക്കുന്ന നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബീഫ് കഴിക്കരുതെന്നു ബി.ജെ.പി. പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് മൂന്നാം ദിനമാണ് ബീഫിനെ കണ്ണന്താനം തള്ളിപ്പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.
ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന്റെ അനിഷ്ടം മനസിലാക്കിയാണ് അല്‍ഫോണ്‍സ് കണ്ണന്താനം കളം മാറ്റിച്ചവിട്ടിയതെന്നാണ് ചെന്നിത്തലയുടെ ആരോപണം. എന്തു കഴിക്കണമെന്നു തീരുമാനിക്കേണ്ടതു ജനങ്ങളാണെന്നു പറഞ്ഞതോടെ ബി.ജെ.പിയുടെ പ്രഖ്യാപിത നിലപാടിനോട് വിയോജിക്കുകയാണ് കണ്ണന്താനം ആദ്യം ചെയ്തതെന്ന് ചെന്നിത്തല ഓര്‍മ്മിപ്പിച്ചു. സ്വകാര്യത മൗലികമാക്കിയ സുപ്രീം കോടതി വിധി ബീഫ് വിഷയത്തിലും ബാധകമാണെന്ന് കോടതി പറഞ്ഞതോടെ തിരിച്ചടി നേരിട്ട സംഘപരിവാറിന് കേന്ദ്രമന്ത്രിയുടെ ബീഫ് അനുകൂല പ്രസ്താവന വീണ്ടും പ്രഹരമായിരുന്നു.
അല്‍ഫോന്‍സ് കേന്ദ്ര ടൂറിസം മന്ത്രിയായത് കേരളത്തിനു ഗുണം ചെയ്യുമെന്നാണ് അദ്ദേഹത്തിനു വിരുന്നൊരുക്കി മുഖ്യമന്ത്രി പറഞ്ഞതെന്നും എന്നാല്‍ കേരളത്തിനും വിനോദ സഞ്ചാരത്തിനും തിരിച്ചടിയുണ്ടാകുന്നതാണ് കേന്ദ്രമന്ത്രിയുടെ ആദ്യ പ്രസ്താവനയെന്നും ചെന്നിത്തല വിമര്‍ശിച്ചു.
കേരളത്തില്‍ എത്തുന്ന വിദേശികളായ വിനോദസഞ്ചാരികള്‍ അവരുടെ നാട്ടില്‍ ബീഫ് കഴിച്ചാല്‍ മതിയോ എന്ന് പിണറായി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.