മോദിയുടെ ആഗ്രഹം പറഞ്ഞ് കണ്ണന്താനം കേരളത്തിലെത്തി; ബിജെപിയുടെ വമ്പന്‍ സ്വീകരണം,മന്ത്രിയാക്കിയതില്‍ അതൃപ്തി ഇല്ലെന്ന് കുമ്മനം

കേന്ദ്രസര്‍ക്കാരിന് കേരളവുമായി അടുത്തബന്ധം വേണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേന്ദ്രമന്ത്രിയായി ചുമതലയേറ്റ് ശേഷം ആദ്യമായി കേരളത്തിലെത്തിയ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് സംസ്ഥാന ബി.ജെ.പി. നേതൃത്വം നല്‍കിയ ഉജ്ജ്വല വരവേല്‍പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റ നേതൃത്വത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കണ്ണന്താനത്തെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരനും മറ്റ് ബി.ജെ.പി. നേതാക്കളും വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനുമായി വ്യക്തിപരമായ അടുത്ത ബന്ധമുണ്ട്. ഇത് കേരളത്തിന്റെ വികസനകാര്യത്തില്‍ ഏറെ സഹായിക്കും. കേരളത്തിന്റെ വികസന കാര്യത്തില്‍ മുന്‍ഗണനയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണന്താനത്തെ മന്ത്രിയാക്കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിയുണ്ടെന്നത് അടിസ്ഥാനരഹിതമാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. സത്യപ്രതിജ്ഞാ ദിവസം ഓണദിനമായതിനാലാണ് ആഘോഷപരിപാടികളൊന്നുമില്ലാതിരുന്നത്. എന്നാല്‍ ആഘോഷപരിപാടികളില്ലാതിരുന്നതില്‍ നിരാശയില്ലെന്നും കണ്ണന്താനം പറഞ്ഞു.