വനിതാ ഹോസ്റ്റലിലേയ്ക്ക് ഗുര്‍മീതിന് ഗുഹാ സഞ്ചാരം; സാമ്രാജ്യത്തിലെ ദുരൂഹതകള്‍ വിട്ടൊഴിയുന്നില്ല

ബലാത്സംഗ കേസില്‍ കുറ്റക്കാരനാണെന്നു കണ്ട് കോടതി 20 വര്‍ഷം കഠിന തടവിനു ശിക്ഷിച്ച ആള്‍ദൈവം ഗുര്‍മീത് റാം റഹിമിന്റെ ദേരാ സച്ചാ സൗദാ ആസ്ഥാനം ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടരുന്നതിനിടെ ആശ്രമവുമായി ബന്ധപ്പെട്ട കൂടുതല്‍ ദുരൂഹതകള്‍ പുറത്തുവരുന്നു.

വന്‍ സുരക്ഷാ സന്നാഹങ്ങളോടെ നടക്കുന്ന പരിശോധനയില്‍ ആശ്രമ പരിസരത്ത് സ്‌ഫോടക വസ്തു നിര്‍മ്മാണശാല കണ്ടെത്തി. ഇവിടെ നിന്ന് 85 പെട്ടി സ്‌ഫോടക വസ്തുക്കളും പോലീസ് പിടിച്ചെടുത്തു. ഫാക്ടറി പൂട്ടി സീല്‍ ചെയ്തു. കൂടാതെ പരിശോധനയ്ക്കിടെ ആശ്രമത്തിനള്ളില്‍ രണ്ട് തുരങ്കങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.

അതില്‍ ഒന്ന് ഗുര്‍മീത് റാം റഹിമിന്റെ സ്വകാര്യ വസതിയില്‍ നിന്ന് ആരംഭിച്ച് ആശ്രമത്തിലെ വനിതാ ഹോസ്റ്റലില്‍ അവസാനിക്കുന്നതാണ്. മറ്റൊന്ന് ആശ്രമത്തിനുള്ളില്‍നിന്ന് ആരംഭിച്ച് അഞ്ചു കിലോമീറ്റര്‍ അകലെ റോഡിലേക്കു തുറക്കാവുന്ന രീതിയിലുള്ളതുമാണ്.

ഗുര്‍മീത് പീഡന കേസില്‍ ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ പഞ്ചാബ്ഹരിയാന ഹൈക്കോടതിയാണ് ദേരാ സച്ചാ സൗദയുടെ സിര്‍സയിലെ ആസ്ഥാനം ഒഴിപ്പിച്ച് പരിശോധന നടത്താന്‍ ഉത്തരവിട്ടത്. മുന്‍ ജഡ്ജി കൂടിയായ എ.കെ.എസ് പവാറിന്റെ മേല്‍നോട്ടത്തിലാണ് പരിശോധന പുരോഗമിക്കുന്നത്.

ദേരാ സച്ചാ സൗദ ഹെഡ്ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച ശേഷമാണ് പരിശോധന. അനുയായികളായിരുന്ന രണ്ടു പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് സി.ബി.ഐ. പ്രത്യേക കോടതി ഗുര്‍മീതിന് 20 വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും വിധിച്ചത്.