ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും ഹൈക്കോടതിയിലേയ്ക്ക്; ജയിലിലായിട്ട് രണ്ട് മാസം

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ബുധനാഴ്ച വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേയ്ക്കും. അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി അപേക്ഷ എത്തുന്നത്.

ഉപാധികള്‍ പൂര്‍ണമായി അനുസരിച്ച് അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുത്തതിനെയും ദിലീപ് ചൂണ്ടിക്കാട്ടും. കേസില്‍ ഹൈക്കോടതി രണ്ടുതവണ ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിലായിട്ട് ഇന്നേയ്ക്ക് രണ്ടു മാസം പിന്നിടുകയാണ്.

അതേസമയം, ദിലീപിനെ ഫോണ്‍ വിളിക്കാന്‍ പള്‍സര്‍ സുനിയെ സഹായിച്ച എ.ആര്‍. ക്യാംപിലെ പോലീസുകാരന്‍ അനീഷിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തു. പള്‍സര്‍ സുനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുമ്പോള്‍ സംവിധായകന്‍ നാദിര്‍ഷയടക്കമുള്ളവരെ ഫോണില്‍ ബന്ധപ്പെടാന്‍ അനീഷ് അവസരം ഒരുക്കിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

അനീഷിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. അനീഷിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ദിലീപിന് സന്ദേശമയക്കാന്‍ ശ്രമിച്ചെന്നും പോലീസ് കണ്ടെത്തലിലുണ്ട്.

സുനി കാക്കനാട് സബ് ജയിലില്‍ കഴിയുമ്പോഴാണ് നടന്‍ ദിലീപിനെ ഫോണ്‍ വിളിക്കാന്‍ അനീഷ് സഹായിച്ചത്. പള്‍സര്‍ സുനിയുടെ സെല്ലിന്റെ കാവല്‍ ചുമതല അനീഷിനായിരുന്നു. ഈ അവസരം പള്‍സര്‍ സുനി ഉപയോഗിക്കുകയായിരുന്നു. സുനിയുടെ ശബ്ദസന്ദേശം ദിലീപിന് അയച്ചുകൊടുക്കാന്‍ ശ്രമിച്ചതും അനീഷാണ്.

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ കാക്കനാട്ടെ വസ്ത്രശാലയിലേക്ക് അനീഷ് പല തവണ വിളിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനിടെ, മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ സംവിധായകന്‍ നാദിര്‍ഷ ആശുപത്രിയില്‍ തന്നെ തുടരുകയാണ്.