പശു അമ്മയാകുന്ന നാട്ടിലെ ചില പെണ്‍കാഴ്ച്ചകള്‍; തുറന്നെഴുത്ത്- അനീഷ് ജോയ് പോരുന്നൊലി..

അരുണ്‍ എഴുത്തച്ഛന്‍ എന്ന പത്ര പ്രവര്‍ത്തകന്റെ  ‘ വിശുദ്ധ പാപങ്ങളുടെ ഇന്ത്യ ‘ എന്ന പുസ്തകത്തെക്കുറിച്ച് അനീഷ് ജോയ് പോരുന്നൊലി എഴുതിയത്.  തന്ത്ര്യത്തിന്റെ എഴുപതാണ്ട് പിന്നിട്ടിട്ടും, രാജ്യപുരോഗതി ബഹിരാകാശം കടന്നു പോയിട്ടും, ഇങ്ങനെയും കുറെ ജീവിതങ്ങള്‍ ഈ മണ്ണില്‍ ഇപ്പോഴും ഉണ്ടല്ലോ എന്നോര്‍ത്ത്.

വിശ്വാസത്തിന്റെ പേര് പറഞ്ഞ്, അറിവില്ലായ്മയും ദാരിദ്ര്യവും മുതലെടുത്ത്, മനുഷ്യന്‍ എന്ന വിലപോലും ഇല്ലാതെ ചൂഷണം ചെയ്യപ്പെടുന്ന ഒരുപാട് പെണ്‍ജീവിതങ്ങങ്ങളെക്കുറിച്ചും രാജ്യത്തിന്റെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ചും വായനയില്‍ നിന്ന് കടംകൊണ്ടാണ് അനീഷ് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പശു അമ്മയാകുന്ന നാട്ടിലെ ചില പെണ്‍കാഴ്ച്ചകള്‍….
…………………………………
റിക്ഷ ചവിട്ടിയ അയാള്‍ പെട്ടെന്ന് അടുത്ത ചോദ്യമെറിഞ്ഞു: ‘നിങ്ങള്‍ക്ക് സ്ത്രീകളെ കിട്ടണമെന്ന് അത്ര നിര്‍ബന്ധമാണോ സാബ്?’
…..ഞാന്‍ ആവേശത്തോടെ പറഞ്ഞു:
‘അതെ, കിട്ടിയാല്‍ നന്നായിരുന്നു.’
‘എങ്കില്‍ നിങ്ങള്‍ എന്റെ വീട്ടിലേക്ക് വരൂ. എന്റെ ഭാര്യയെ നിങ്ങള്‍ക്ക് ഉപയോഗിക്കാം. 200 രൂപ തന്നാല്‍ മതി.’
വിശുദ്ധ പാപങ്ങളുടെ ഇന്ത്യ
വായിച്ചു ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരു പുസ്തകം ഉണ്ടാക്കിയ ആഘാതം ഉള്ള് വിറപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ എഴുപതാണ്ട് പിന്നിട്ടിട്ടും, രാജ്യപുരോഗതി ബഹിരാകാശം കടന്നു പോയിട്ടും, ഇങ്ങനെയും കുറെ ജീവിതങ്ങള്‍ ഈ മണ്ണില്‍ ഇപ്പോഴും ഉണ്ടല്ലോ എന്നോര്‍ത്ത്. വിശ്വാസത്തിന്റെ പേര് പറഞ്ഞ്, അറിവില്ലായ്മയും ദാരിദ്ര്യവും മുതലെടുത്ത്, മനുഷ്യന്‍ എന്ന വിലപോലും ഇല്ലാതെ ചൂഷണം ചെയ്യപ്പെടുന്ന ഒരുപാട് പെണ്‍ജീവിതങ്ങള്‍…..
1982 ല്‍ നിയമം മൂലം നിരോധിച്ചെങ്കിലും കര്‍ണ്ണാടക ഗ്രാമങ്ങളില്‍ ഇപ്പോഴും തുടരുന്ന ദേവദാസി സമ്പ്രദായത്തെ കുറിച്ചന്വേഷിക്കാനിറങ്ങിയ അരുണ്‍ എഴുത്തച്ഛന്‍ എന്ന പത്ര പ്രവര്‍ത്തകന്‍, ഇതിന്റെ തുടര്‍ച്ചയായി കര്‍ണാടകക്ക് പുറമെ ആന്ധ്രയിലും യു പിയിലും ബംഗാളിലും മഹാരാഷ്ട്രയിലും ഒറീസയിലും ഒക്കെയായി
നടത്തിയ അന്വേഷണങ്ങളില്‍ കണ്ടുമുട്ടിയ ഒരുപാട് മനുഷ്യരും അനുഭവങ്ങളുമാണ് ‘വിശുദ്ധ പാപങ്ങളുടെ ഇന്ത്യ’ എന്ന പുസ്തകം.
വിശ്വാസത്തിന്റെ പേരില്‍ ചൂഷണം ചെയ്യപ്പെട്ട്, വേശ്യാവൃത്തിയില്‍ എത്തിപ്പെട്ട സ്ത്രീകള്‍. പെണ്ണുടലുകളുടെ വില്പനചന്തയായി മാറിയ നമ്മുടെ മഹാ നഗരങ്ങള്‍. വിശപ്പിനും ദാരിദ്ര്യത്തിനും അപ്പുറം ഒന്നുമില്ല എന്ന പരമസത്യം…
പെണ്മക്കളെ വിവാഹം കഴിച്ചയക്കാനുള്ള ശേഷി പോയിട്ട് രണ്ടു നേരം ഭക്ഷണം കൊടുക്കാന്‍ പോലും ഗതിയില്ലാത്ത മാതാപിതാക്കള്‍, ഋതുമതിയാവുന്നതോടെ അവളെ ആചാര പ്രകാരം അണിയിച്ചൊരുക്കി ‘ഉച്ചംഗിദേവി’യുടെ ക്ഷേത്രത്തില്‍ ദേവദാസിയായി അര്‍പ്പിച്ചു തിരിച്ചുപോരുന്നു. അവിടെ എന്താണ് സംഭവിക്കുക എന്നറിയാമെങ്കിലും മോള്‍ക്ക് വിശപ്പടക്കാന്‍ ഭക്ഷണമെങ്കിലും കിട്ടുമല്ലോ എന്നതും, ഒരാളെ കൂടി പോറ്റേണ്ടല്ലോ എന്നുമുള്ള ആശ്വാസം.
ദേവദാസി എന്നാണ് പേരെങ്കിലും അന്ന് മുതല്‍ ആ ബാലിക നാട്ടു പ്രമാണിമാരുടെ വെപ്പാട്ടിയാണ്. ഒരാള്‍ക്ക് മടുത്ത് ഒഴിവാക്കിയാല്‍ മറ്റൊരാള്‍. ആര്‍ക്കും വേണ്ടാതാകുമ്പോള്‍ തെരുവുവേശ്യ……. ജീവിക്കണമല്ലോ. മക്കളെ ദേവദാസിയാക്കാന്‍ മടിക്കുന്ന രക്ഷിതാക്കളെ വിശ്വാസത്തിന്റെയും ദൈവീകശിക്ഷയുടെയും
പേര് പറഞ്ഞ്, നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും നാട്ടു മുഖ്യരും പുരോഹിതരും… ഇതിനെയൊക്കെ പിന്തുണക്കാന്‍ രാഷ്ട്രീയക്കാരും വിദ്യാസമ്പന്നരും…
ആന്ധ്രയിലെ ‘കലാവന്തലുകള്‍’ എന്ന ഭോഗസമൂഹത്തിന്റെ കഥയും വ്യത്യസ്തമല്ല. ആട്ടവും പാട്ടുമായി ക്ഷേത്രങ്ങളോടനുബന്ധിച്ച് ദേവദാസികളായി നൂറ്റാണ്ടുകളോളം സമ്പന്നരെയും പ്രമാണിമാരെയും സുഖിപ്പിച്ചു ജീവിച്ച ‘കാമകല’യിലെ റാണിമാരുടെ പിന്മുറക്കാര്‍ക്കും ഇന്ന് വേശ്യാവൃത്തിയാണ് ജീവിതമാര്‍ഗം.
പുരി ജഗന്നാഥനെ പാടിയും നൃത്തം ചെയ്തും ഉറക്കിയ ദേവദാസിയായിരുന്ന വൃദ്ധയായ സിരിമണി തന്റെ ജന്മഭാഗ്യമായാണ് ദേവദാസി പട്ടത്തെ കാണുന്നത്. അവിടെ ഉയര്‍ന്ന ജാതിക്കാര്‍ മാത്രം ദേവദാസികളായത് കൊണ്ടാവാം, ലൈംഗീക ചൂഷണം നടക്കുന്നില്ല.
ഉത്തര്‍പ്രദേശിലെ ബൃന്ദാവന്‍ വിധവകളുടെ ലോകമാണ്. ഭര്‍ത്താവ് മരിക്കുന്നതോടെ മക്കള്‍ക്ക് പോലും വേണ്ടാതാകുന്ന, അപശകുനമായി മുദ്രകുത്തപ്പെടുന്ന സ്ത്രീകള്‍ ഗതികേടിനൊടുവില്‍ അഭയം തേടി എത്തുന്നത് ബൃന്ദാവനിലെ രാധയായി മാറാനാണ്. ശ്രീകൃഷ്ണനെ ഭജിച്ച് ശിഷ്ടകാലം ഭക്തിയോടെ ആര്‍ക്കും ശല്യമാവാതെ കഴിയാന്‍ എത്തുന്ന ഇവരെ വിശ്വാസത്തിന്റെ പേരില്‍ ആദ്യമേ ചൂഷണം ചെയ്യുന്നത് പുരോഹിതന്മാരാണ്. ആരോഗ്യമുള്ള കാലത്ത് ശരീരം വിറ്റും ആര്‍ക്കും വേണ്ടാതാകുമ്പോള്‍ ആളുകള്‍ക്ക് മുന്നില്‍ കൈ നീട്ടിയും ജീവിക്കേണ്ടി വരുന്ന ഇവര്‍ക്ക് സര്‍ക്കാര്‍ വക താമസ സൗകര്യവും ഭക്ഷണവും ഒക്കെ ഉണ്ടെങ്കിലും മരണശേഷം ദഹിപ്പിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന 3000 രൂപ വെട്ടിക്കാന്‍ വേണ്ടി മൃതദേഹം ചാക്കില്‍ കെട്ടി ഗംഗയില്‍ ഒഴുക്കുന്ന അവസ്ഥ പോലുമുണ്ടെങ്കില്‍ എത്രത്തോളം മനഃസാക്ഷിയില്ലാത്ത ചൂഷണമാണ് നടക്കുന്നത് എന്ന് ചിന്തിക്കാനാവുമല്ലോ.
മുജ്‌റ നൃത്തം കൊണ്ട് രസിപ്പിക്കുന്ന ഉജ്ജയിനിയുടെ അവസ്ഥയും വ്യത്യസ്തമല്ല.
ശാപം കിട്ടിയ ജന്മങ്ങള്‍ ആണത്രേ വിധവകള്‍! സതി നിര്‍ത്തലാക്കിയതോടെ വീട്ടുകാര്‍ക്ക് ഇവര്‍ ഭാരമായി. മംഗളകര്‍മ്മങ്ങളിലേക്ക് പോലും അടുപ്പിക്കാതെ കുറ്റവാളികളെ പോലെ അകറ്റി നിര്‍ത്തപ്പെട്ട ഇവര്‍ക്ക് രാത്രിയിരുട്ടില്‍ പീഡിപ്പിക്കാന്‍ എത്തുന്ന ബന്ധുക്കളെയും ഭയക്കേണ്ടി വന്നു. ഇങ്ങനെ വീടുവിട്ടിറങ്ങേണ്ടി വന്ന് കൊല്‍ക്കത്തയിലെ കാളിഘട്ടില്‍ എത്തിച്ചേര്‍ന്ന വിധവകളിലൂടെയാണ്
സോനാഗച്ചി എന്ന വേശ്യത്തെരുവിന്റെ ആരംഭം.
കാലങ്ങള്‍ കഴിഞ്ഞപ്പോള്‍
സോനാഗച്ചിയും മുംബൈയിലെ കാമാത്തിപുരയുമൊക്കെ ആണിനെ സന്തോഷിപ്പിക്കാനുള്ള പേരുകേട്ട ഇടങ്ങളായി മാറി. ഗതികേട് കൊണ്ട് മാതാപിതാക്കള്‍ തന്നെ വില്‍ക്കുന്നവരും, കാമുകന്മാരാള്‍ ചതിക്കപ്പെട്ടവരുമായി ഈ ചുവന്ന തെരുവുകളിലേക്ക് വലിച്ചെറിയപ്പട്ട പെണ്ണിന് സന്തോഷിക്കാന്‍, തന്നെ കൈമാറിയപ്പോള്‍ വീട്ടുകാര്‍ക്ക് ജീവിതത്തില്‍ ആദ്യമായി ഏതാനും വലിയ നോട്ടുകള്‍ കിട്ടിയപ്പോള്‍ അവരുടെ കണ്ണില്‍ കണ്ട തിളക്കവും, മൂന്നു നേരം വിശപ്പടക്കാന്‍ ഭക്ഷണം കിട്ടുന്നല്ലോ എന്ന ആശ്വാസവും, ഇടക്ക് നാട്ടിലേക്ക് പണമയക്കാന്‍ കഴിയുന്നല്ലോ എന്ന സംതൃപ്തിയും മാത്രം.
സോനാഗച്ചിയിലെ പൂര്‍ണ്ണിമ പറഞ്ഞത് പോലെ ‘പുറംലോകം കാണാന്‍ പറ്റില്ല എന്നതൊക്കെ കൃത്യമായി ഭക്ഷണം കഴിച്ചു ജീവിക്കുന്നവരുടെ മാത്രം പ്രശ്‌നമാണ്. വിശപ്പ് അറിഞ്ഞവന് വിശപ്പ് മാറ്റാനുള്ള വഴികള്‍ തന്നെയാണ് മുഖ്യം’. കാളിയുടെ അനുഗ്രഹമുണ്ട് എന്ന വിശ്വാസത്തോടെ ഇതൊരു തൊഴിലായി സ്വീകരിച്ചവര്‍.
മാറി മാറി അനുഭവിക്കുന്ന ഓരോ പുരുഷനും ദേവദാസി ആയാലും ലൈംഗീക തൊഴിലാളി ആയാലും വെറുമൊരു ശരീരം മാത്രമാണെങ്കിലും, നിരന്തരമായി വഞ്ചിക്കപ്പെടുന്ന സ്‌നേഹത്തിന്റെയും
തിരസ്‌കരിക്കപ്പെടുന്ന പ്രണയത്തിന്റെയും ആഘാതം അവളെ മാനസികമായി തകര്‍ക്കുകയും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമയാക്കി മാറ്റുകയും ചെയ്യുന്നു.
ആരോഗ്യം ക്ഷയിക്കുമ്പോള്‍ ആര്‍ക്കും വേണ്ടാതെ തെരുവ് മൂലകളില്‍ മരിച്ചൊടുങ്ങാന്‍ വിധിക്കപ്പെട്ടവര്‍.
പുരോഗതിയിലേക്ക് കുതിക്കുന്നു എന്ന് നാം അവകാശപ്പെടുന്ന വര്‍ത്തമാന ഇന്ത്യയില്‍ നിന്നുള്ള കാഴ്ചകളാണ് അരുണ്‍ എഴുത്തച്ഛന്‍ ഈ പുസ്തകത്തിലൂടെ കാണിച്ചു തരുന്നത്. മനസ്സിനെ അസ്വസ്ഥമാക്കുന്ന, അപമാനം കൊണ്ട് നമ്മുടെ ശിരസ്സ് കുനിഞ്ഞു പോകുന്ന കാഴ്ചകള്‍.
പശുവിനെ അമ്മയായി കരുതുന്ന, രാഷ്ട്രത്തെ മാതാവ് എന്ന് ആദരവോടെ ചേര്‍ത്തു വിളിക്കുന്ന അതേ രാജ്യത്താണ്, പെണ്ണായി പിറന്നത് കൊണ്ട് മാത്രം ജീവിതമിങ്ങനെ നരകമായിപ്പോയ ഒരുപാട് മനുഷ്യജന്മങ്ങള്‍…..
വിശ്വാസത്തിന്റെ പേരിലല്ലെങ്കില്‍ മറ്റ് പല രീതിയില്‍ ചതിച്ചും കെണിവെച്ചും പിടിച്ച പെണ്ണുടലുകളുടെ വില്പനചന്തകള്‍ നമ്മുടെ അയല്‍ രാജ്യങ്ങളടക്കമുള്ള ദരിദ്ര രാഷ്ട്രങ്ങളില്‍ സജീവമാണ്.
ആ ഇറച്ചിക്കച്ചവടത്തിന്റെ പങ്കു പറ്റാനും അവരെ ഈ നരകത്തിലേക്ക് വലിച്ചെറിയാനും, രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും നാട്ടു പ്രമാണിമാരും പുരോഹിതരും അടക്കം ഉണ്ടാവുകയും ചെയ്യും. അതുകൊണ്ട് തന്നെ ഏതെങ്കിലും മതത്തെയോ വിശ്വാസങ്ങളെയോ മാത്രം കുറ്റം ചര്‍ത്തുന്നത് മൗഢ്യമാണ്. പെണ്ണിനെ വെറും ഭോഗവസ്തുവായി കാണുന്ന ആണാധികാരത്തിന്റെ ലോകത്ത് മതവും രാഷ്ട്രീയവും ഒക്കെ അവര്‍ക്ക് അരുനില്‍ക്കുന്ന ഉപകരണങ്ങള്‍ മാത്രം.
ദാരിദ്ര്യവും അജ്ഞതയും കൊടികുത്തി വാഴുന്ന ഇടങ്ങളിലെ മനുഷ്യരെ ചൂഷണം ചെയ്യുന്നത് അറുതി വരുത്താന്‍ ഇച്ഛാശക്തിയുള്ള ഭരണകൂടങ്ങളും മനസാക്ഷിയുള്ള പൊതു സമൂഹവും ഇല്ലാതിരിക്കുന്നെടുത്തോളം കാലം ലോകത്തില്‍ എവിടെയായാലും നമ്മുടെ പെങ്ങന്മാര്‍ ഇങ്ങനെ നിരന്തരം അപമാനിക്കപ്പെട്ടുകൊണ്ടിരിക്കും.
ഇങ്ങനെ വലിച്ചെറിയപ്പെടുന്ന ഓരോ പെണ്ണും നമ്മുടെ ആരുമല്ലായിരിക്കാം. പക്ഷെ നിറഞ്ഞ നിഷ്‌കളങ്കതയും കുസൃതിയുമായി നമ്മുടെ വീടകങ്ങളില്‍ കളിച്ചു തിമര്‍ക്കുന്ന, നമ്മുടെ സ്വപ്നങ്ങളുടെ ഭാരവും തോളില്‍ തൂക്കി രാവിലെ ഉമ്മ തന്ന് സ്‌കൂള്‍ ബസ്സിലേക്ക് ഓടിക്കയറുന്ന ഓരോ രാജകുമാരിമാരെ പോലെയും, ഏതോ ഗ്രാമങ്ങളിലെ കുഞ്ഞുവീടുകളില്‍
കളിയും ചിരിയും കണ്ണുകള്‍ നിറയെ നിഷ്‌കളങ്കതയുമായി കഴിഞ്ഞ ഇതുപോലുള്ള പെണ്മക്കള്‍ തന്നെയാണ് വന്‍ നഗരങ്ങളിലെ
വേശ്യാത്തെരുവുകളില്‍ ഉടുത്തൊരുങ്ങി ഇടപാടുകാരെ കത്തിരിക്കുന്നതെന്നും…. നിത്യവും ഒരുപാട് പുരുഷ ശരീരങ്ങളെ തൃപ്തിപ്പെടുത്തുന്നതെന്നും…….