കൊച്ചി മെട്രോയുടെ സമ്പൂര്‍ണ പരീക്ഷണ ഓട്ടം അടുത്ത ആഴ്ചയോടെ
ആലുവ: കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള പാതയില്‍ സമ്പൂര്‍ണ പരീക്ഷണ ഓട്ടം അടുത്ത ആഴ്ച ആരംഭിക്കും. സിഗ്നല്‍, ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള പരീക്ഷണ ഓട്ടം വ്യാഴാഴ്ച അവസാനിച്ചിരുന്നു. സിഗ്നല്‍, അനൗണ്‍സ്മന്റെ്, ട്രാഫിക്, ഡിസ്പ്ലേ എന്നിവയടക്കം സാേങ്കതിക സംവിധാനങ്ങള്‍ കുറ്റമറ്റതാണെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് സമ്പൂര്‍ണ പരീക്ഷണ ഓട്ടം.
ഇത് പൂര്‍ത്തിയായാല്‍ ഈ മാസം മൂന്നാം വാരം മെട്രോ റെയില്‍വേ സേഫ്റ്റി കമീഷണറുടെ നേതൃത്വത്തില്‍ സുരക്ഷ പരിേശാധന നടത്തും.
ഒക്ടോബര്‍ ആറിന് തുടങ്ങുന്ന ഫിഫ വേള്‍ഡ് കപ്പിന് മുന്നോടിയായി മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള പാതയുടെ ഉദ്ഘാടനം നടത്താമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഒന്നാം ഘട്ട നിര്‍മാണത്തിന്റെ ഭാഗമായ ഈ റൂട്ടിലെ അഞ്ച് സ്റ്റേഷനുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
മഹാരാജാസ് വരെയാകുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കൂടുതല്‍ സ്ഥിരം യാത്രക്കാരെ ആകര്‍ഷിക്കാന്‍ ടിക്കറ്റുകള്‍ക്ക് പ്രത്യേക പാക്കേജ് ഏര്‍പ്പെടുത്തും. ഒരു ദിവസം മുഴുവന്‍ യാത്ര ചെയ്യാവുന്നത്, ഒരാഴ്ച മുഴുവന്‍ യാത്ര ചെയ്യാവുന്നത്, ഒരു മാസത്തേക്ക് യാത്ര ചെയ്യാനുള്ളത് എന്നിങ്ങനെ മൂന്ന് തരം ടിക്കറ്റുകള്‍ ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്.
വിനോദസഞ്ചാരികള്‍ക്കടക്കം ഇത് പ്രയോജനപ്രദമാകുമെന്ന് കരുതുന്നു. ഈ ടിക്കറ്റുകളില്‍ പ്രത്യേക നിരക്കിളവുണ്ടാകും. ഇതുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയര് പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിലവില്‍ 10—20 ശതമാനം മാത്രമാണ് സ്ഥിരം യാത്രക്കാര്‍. ഒമ്പത് ട്രെയിനുകളാണ് ആവശ്യമുള്ളത്. എന്നാല്‍, 13 ട്രെയിനുകളുണ്ട്. പുതിയ പാത തുറക്കുന്നതോടെ സമയക്രമത്തില്‍ മാറ്റം വരും. എന്നാല്‍, നിരക്ക് കുറക്കുന്നത് തല്ക്കാലം പരിഗണനയിലില്ലെന്നും അധികൃതര്‍ അറിയിച്ചു.