ഹൃദയത്തില്‍ ധാര്‍മ്മികതയുള്ള വ്യക്തികളും, ദേവാലയ പരിശുദ്ധിയുള്ള ഭവനങ്ങളും രൂപാന്തരപ്പെടണം: ഡോ.ജോസഫ് മാര്‍ത്തോമാ

പി.പി. ചെറിയാന്‍

തിരുവല്ല: ഹൃദയത്തില്‍ ധാര്‍മ്മികതയുള്ള വ്യക്തികളും, ദേവാലയത്തിന്റെ പരിശുദ്ധിയുള്ള ഭവനങ്ങളും രൂപാന്തരപ്പെട്ടാല്‍ മാത്രമേ ഒരു ക്ഷേമരാഷ്ട്രവും, ഒരു നവലോകവും സൃഷ്ടിക്കുവാന്‍ കഴിയുകയുള്ളൂ എന്ന് റൈറ്റ്. റവ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു.

കേരളം ഓരോ വര്‍ഷവും ഓണം ആഘോഷിക്കുമ്പോള്‍ നന്മ നിറഞ്ഞ കാലഘട്ടത്തെകുറിച്ചുള്ള ഓര്‍മ്മകള്‍ വീണ്ടെടുക്കുകയും, ഒരു നല്ല കാലത്തെ കുറിച്ചു സ്വപ്നം കാണുകയുമാണ് ചെയ്യുന്നത്. ഓരോ ഓണവും നാം ആഘോഷിക്കുമ്പോള്‍ സഹോദര്യത്തില്‍ അധിഷ്ഠിതമായ കള്ളവും ചതിയുമില്ലാത്ത സമത്വ സുന്ദരമായ ലോകം സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധതയാണ് നാം ഏറ്റെടുക്കുന്നത്- മെത്രാപോലീത്ത പറഞ്ഞു.

സെപ്റ്റംബര്‍ 6,7,8 തീയ്യതികളില്‍ തിരുവല്ല ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ വലിയ മെത്രാപോലീത്ത സ്മാരക ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സഭാ പ്രതിനിധി മണ്ഡലത്തിന്റെ പ്രഥമദിന സമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിച്ചു സംസാരിക്കുകയായിരുന്നു തിരുമേനി.

ആരാധനയോടുകൂടെ ആരംഭിച്ച മണ്ഡലയോഗത്തില്‍ ഏഷ്യ ക്രിസ്ത്യന്‍ കോണ്‍ഫ്രന്‍സ് ജനറല്‍ സെക്രട്ടറി ഡോ.മാത്യു ജോര്‍ജ്ജ് ചുനക്കര ധ്യാന പ്രസംഗം നടത്തി. സഭാ സെക്രട്ടറി റവ.ഉമ്മന്‍ ഫിലിപ്പ് വാര്‍ഷീക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. 116 കോടി വാര്‍ഷീക ബഡ്ജറ്റിലെ ലെട്രസ്റ്റി അഡ്വ.പ്രകാശ് തോമസ് അവതരിപ്പിച്ചു. തുടര്‍ന്ന് അവാര്‍ഡ് വിതരണ ചടങ്ങ് നടന്നു.

മോസ്റ്റ് റവ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം, റൈറ്റ് റവ.ഗീവര്‍ഗീസ് മാര്‍ അത്താനാസ്യോസ് സഫ്രഗന്‍ മെത്രാപോലീത്താ, മറ്റു എപ്പിസ്‌ക്കോപ്പാമാര്‍, നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ റൈറ്റ്.റവ.ഐസക്ക് മാര്‍ ഫിലെക്‌സ്‌നിയോസിന്റെ നേതൃത്വത്തില്‍ ഭദ്രാസനത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സില്‍ അംഗങ്ങളായ ഏബ്രഹാം വര്‍ക്കി, നിര്‍മ്മല ജോണ്‍, മണ്ഡലാംഗങ്ങളായ ഏബ്രഹാം വര്‍ക്കി, നിര്‍മ്മല ജോണ്‍, മണ്ഡലാംഗങ്ങളായ അനില്‍ തോമസ്(ന്യൂയോര്‍ക്ക്), സാബു ചെറിയാന്‍(ഓസ്റ്റിന്‍), എലിസബത്ത് ജോണ്‍(ഫിലഡല്‍ഫിയ), മോളി കുര്യന്‍(ബോസ്റ്റണ്‍), ലവ്‌ലി ജേക്കബ്(ഒക്കലഹോമാ, രാജന്‍ മാത്യു, ഷാജി രാമപുരം(ഡാളസ്) തുടങ്ങിയവരും മണ്ഡല യോഗത്തില്‍ പങ്കെടുത്തു.