നാദിര്‍ഷ വന്നേ മതിയാകു; നിലപാടിലുറച്ച് അന്വേഷണ സംഘം, ഇക്കാര്യം പോലീസ് ഹൈക്കോടതിയില്‍ അറിയിക്കും
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംവിധായകന്‍ നാദിര്‍ഷായെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പോലീസ് ഹൈക്കോടതിയെ അറിയിക്കും. നാദിര്‍ഷയുടെ മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ നിലപാട് വ്യക്തമാക്കണമെന്ന് നേരത്തെ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെടുയും ചെയ്തിരുന്നു.
പ്രോസിക്യൂഷന് അനുകൂലമായി മൊഴി കൊടുക്കണമെന്ന് പോലീസ് സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും തന്നെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെട്ടുത്തുകയാണെന്നുമാരോപിച്ച് നാദിര്‍ഷാ നേരത്തെ കോടതിയെ സമീപിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയെ ആലുവ പോലീസ് ക്ലബ്ബിലെത്തിച്ച് നേരത്തെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം നാദിര്‍ഷാ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
ദിലീപിന്റെ അറസ്‌റ്റോടെ കേസിന്റെ ഒരു ഘട്ടം മാത്രമേ പൂര്‍ത്തിയായിട്ടുളളൂവെന്നും അന്വേഷണം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും അതിനാല്‍ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യണമെന്നുമാണ് അന്വേഷണ സംഘം വിശദീകരിക്കുന്നത്.
എന്നാല്‍ താന്‍ നിരപരാധിയാണെന്നും അറിയാവുന്ന കാര്യങ്ങളെല്ലാം നേരത്തെ നടന്ന ചോദ്യം ചെയ്യലില്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ നാദിര്‍ഷ ബോധിപ്പിച്ചത്.