ലോകം ഏറ്റവും അപകടകരമായ കാലഘട്ടത്തിലാണെന്ന് നാറ്റോ
ലണ്ടന്‍: ലോകം ഏറ്റവും അപകടകരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബര്‍ഗ്. തുടര്‍ച്ചയായ ആണവായുധപരീക്ഷണങ്ങളിലൂടെ ഉത്തര കൊറിയയും, യൂറോപ്പിന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ ഒരു ലക്ഷത്തോളം സൈനികരെ വിന്യസിക്കാനുള്ള റഷ്യയുടെയും നീക്കത്തെന്റെയും പശ്ചാത്തലത്തില്‍ ഗാര്‍ഡിയന്‍ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരേസമയം ഉയര്‍ന്നുകൊണ്ടിരിക്കുന്ന നിരവധി ഭീഷണികള്‍ വിപത്‌സാധ്യതകളെ ഗണ്യമായി വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് സ്‌റ്റോള്‍ട്ടന്‍ബര്‍ഗ് ചൂണ്ടിക്കാട്ടി.
കൂട്ടസംഹാരായുധങ്ങളുടെ വ്യാപനം, ഭീകരവാദികള്‍ സൃഷ്ടിക്കുന്ന അസ്ഥിരത ഭീഷണി, സമീപകാലത്ത് റഷ്യ പ്രകടിപ്പിച്ചുവരുന്ന ആക്രമണോത്സുകത തുടങ്ങിയവയാണ് ലോകസമാധാനത്തിന് നേരെ കനത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്നതെന്ന് മോസ്‌കോയിലെ നാറ്റോ സേനാവ്യൂഹങ്ങളെ സന്ദര്‍ശിച്ച നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. അടുത്ത വ്യാഴാഴ്ച മുതല്‍ യൂറോപ്യന്‍ അതിര്‍ത്തിയില്‍ റഷ്യ ^ബെലറൂസ് സംയുക്ത അഭ്യാസം ആരംഭിക്കും. ആറു ദിവസം നീളുന്ന അഭ്യാസപ്രകടനം ശീതസമര കാലഘട്ടത്തിനു ശേഷം നടക്കുന്ന ഏറ്റവും വലിയ സൈനികാഭ്യാസമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
ഉത്തര കൊറിയന്‍ ആണവഭീഷണികളെ നേരിടാന്‍ യു.എസ് മിസൈല്‍ പ്രതിരോധ കവചം (താഡ്) വ്യാപിപ്പിക്കാനുള്ള നീക്കവുമായി ദക്ഷിണ കൊറിയ രംഗപ്രവേശം ചെയ്തതോടെ മേഖലയില്‍ യുദ്ധസമാന സാഹചര്യം ഉടലെടുത്തതായി നിരീക്ഷകര്‍ കരുതുന്നു. ഉത്തര കൊറിയക്കെതിരെ യു.എസ് പ്രസിഡന്റ് നല്‍കിയ കടുത്ത മുന്നറിയിപ്പുകളും മേഖലയിലെ ആശങ്കക്ക് ആക്കം വര്‍ധിപ്പിക്കുന്നു. ട്രംപിന്റെ മുന്നറിയിപ്പുകള്‍ക്ക് പിന്തുണ നല്‍കുമോ എന്ന ചോദ്യത്തിന് രാഷ്ട്രീയ പരിഹാരത്തിനാണ് തന്റെ പിന്തുണ എന്നായിരുന്നു സ്‌റ്റോള്‍ട്ടന്‍ബര്‍ഗിന്റെ മറുപടി. നിലവിലെ സാഹചര്യത്തെ കൂടുതല്‍ ആശങ്കകുലമാക്കുന്ന പ്രസ്താവനകള്‍ നടത്താന്‍ ഒരുക്കമല്ലെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ഉത്തര കൊറിയന്‍ ഭീഷണികളെ നേരിടാന്‍ ദക്ഷിണ കൊറിയ കൈക്കൊണ്ട സൈനികനീക്കങ്ങളെ സ്വാഗതം ചെയ്യുന്നതായും അത്തരം നടപടികള്‍ സ്വീകരിക്കാനുള്ള അവകാശം ദക്ഷിണ കൊറിയക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സൈനിക അഭ്യാസവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചട്ടങ്ങള്‍ കാറ്റില്‍പറത്തിയ റഷ്യ പുതിയ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നത് ആശങ്കജനകമാണെന്ന് നാറ്റോ തലവന്‍ കുറ്റപ്പെടുത്തി.