ഗൗരി ലങ്കേഷ് വധം: ആന്ധ്രാ സ്വദേശി പോലീസ് പിടിയില്‍

ബെംഗളൂരു: മാധ്യമപ്രവര്‍ത്ത ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ആന്ധ്രപ്രദേശ് സ്വദേശിയായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഗൗരി കൊല്ലപ്പെട്ട ദിവസം ഗാന്ധി ബസാറിലെ ഓഫീസില്‍ നിന്നും അവരുടെ വീട്ടിലേക്കുള്ള വഴികള്‍ വരെയുള്ള വിവിധ ഇടങ്ങളിലെ അഞ്ഞൂറോളം സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയായിരുന്നു. ദൃശ്യങ്ങളില്‍ സംശയാസ്പദകമായി കണ്ടതിനാലാണ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ ഇന്റലിജന്‍സ് അധികൃതരുമായി കര്‍ണാടക പോലീസ് കൊലപാതകത്തിന് ശേഷം വിവരങ്ങള്‍ കൈമാറി വരുന്നതിനിടയില്‍ ലഭിച്ച നിഗമനത്തില്‍ അടിസ്ഥാനത്തിലാണ് ഇയാള്‍ ആന്ധ്ര സ്വദേശിയാണെന്ന് മനസ്സിലായത്. ആന്ധ്രയില്‍ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തിനു അഞ്ചു ദിവസങ്ങള്‍ക്കുശേഷമാണ് ഇയാളെ പിടികൂടുന്നത്.

ഗൗരി ലങ്കേഷിനെ ഇയാള്‍ നിരീക്ഷിക്കുന്നതായി ദൃശ്യങ്ങളില്‍നിന്നു പൊലീസിനു സംശയം തോന്നിയിട്ടുണ്ട്. ഇയാള്‍ക്കു കൊലപാതകത്തിലോ കൊലപാതക ആസൂത്രണത്തിലോ എന്തെങ്കിലും പങ്കുണ്ടോയെന്നതാണ് പൊലീസ് പരിശോധിക്കുന്നത്.കൊലയാളികളുമായി ബന്ധപ്പെട്ട ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞിരുന്നു.