വിവാദ പ്രസംഗം; ശശികലക്കെതിരെ രണ്ട് സ്റ്റേഷനുകളില്‍ കേസെടുത്തു,2006 ലെ കോഴിക്കോട് പ്രസംഗത്തിലും മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന പരാമര്‍ശങ്ങള്‍
മതേതരവാദികളായ എഴുത്തുകാര്‍ ആയുസിനായി മൃതഞ്ജയ ഹോമം നടത്തിക്കൊള്ളു എന്നുള്ള ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയുടെ പ്രസംഗത്തിനെതിരെ പോലീസ് കേസെടുത്തു. ഐ.പി.സി. 153 പ്രകാരമാണ് പോലീസ് കേസ്. വെള്ളിയാഴ്ച പറവൂരില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ശശികലയുടെ പരാമര്‍ശം. ഇതു സസംബന്ധിച്ച് വി.ഡി.സതീശനും ഡി.വൈ.എഫ്.ഐയും കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.
ഇതിനിടെ മതവിദ്വേഷം പരത്തുന്ന പ്രസംഗം നടത്തിയെന്ന പരാതിയില്‍ ശശികലക്കെതിരെ കോഴിക്കോട് പോലീസ് കേസെടുത്തു. ശശികല 2006ല്‍ കോഴിക്കോട് മുതലകുളത്ത് നടത്തിയ പ്രസംഗത്തിനെതിരെയാണ് കസബ പോലീസ് കേസെടുത്തത്.
മാറാട് കലാപവവുമായി ബന്ധപ്പെട്ട് മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ പ്രസംഗിച്ചുവെന്നാണ് കേസിനാസ്പദമായ പരാതി. ശശികല 2006ല്‍ നടത്തിയ പ്രസംഗത്തിനെതിരെ ഈ വര്‍ഷം കാസര്‍കോട് പോലീസിലാണ് പരാതി ലഭിച്ചിരുന്നത്.
ഈ പരാതി കസബ പോലീസിന് കൈമാറിയിരുന്നു. എന്നാല്‍ ശശികല തന്നെ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.