കുട്ടികള്‍ക്ക് എതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ഭാരത യാത്രയുമായി നൊബേല്‍ പുരസ്‌ക്കാര ജേതാവ് കൈലാഷ് സത്യാര്‍ത്ഥി

ദില്ലി : രാജ്യത്ത് കുട്ടികള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ക്കും, ലൈംഗിക അതിക്രമണങ്ങള്‍ക്കെതിരെ നൊബേല്‍ സമ്മാന ജേതാവായ കൈലാഷ് സത്യാര്‍ത്ഥി 35 ദിവസം നീണ്ടുനില്‍ക്കുന്ന ഭാരതയാത്ര സംഘടിപ്പിക്കുന്നു.കന്യാകുമാരിയില്‍ നിന്നും ആരംഭിക്കുന്ന യാത്ര 22 ഇന്ത്യന്‍ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ഒക്ടോബര്‍ 16 ന് ദില്ലിയില്‍ എത്തിച്ചേരും.

മനുഷ്യക്കടത്തിനെതിരെയും, കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കുമെതിരെ പാര്‍ലമെന്റ് ശക്തമായ നിയമം പാസാക്കണമെന്ന അവശ്യവുമായാണ് ഈ യാത്ര സംഗഢിപ്പിച്ചിരിക്കുന്നതെന്ന് കൈലാഷ് സത്യാര്‍ത്ഥി മാധ്യമങ്ങളോട് പറഞ്ഞു. ഭാരത യാത്ര ചരിത്രത്തില്‍ തന്നെ സ്ഥാനം പിടിക്കുമെന്നും, ഇതിലൂടെ ഇന്ത്യയില്‍ കുട്ടികള്‍ക്ക് സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു പുതിയ ഇന്ത്യ നിര്‍മ്മിക്കണം. അതാണ് എന്റെ ലക്ഷ്യം. ആ ഇന്ത്യയില്‍ കുട്ടികള്‍ വീടുകളിലും, സ്‌കൂളുകളിലുമെല്ലാം സുരക്ഷിതരായിരിക്കും. കൂടാതെ അവര്‍ എല്ലാവരും വിദ്യാഭ്യാസം നേടുന്നവരായിരുക്കും. അത് നിര്‍മ്മിക്കുക എന്നതാണ് ഈ യാത്രയുടെ ലക്ഷ്യം. അദ്ദേഹം വ്യക്തമാക്കി. നമ്മുടെ കുട്ടികള്‍ സ്വന്തം വീടുകളിലോ, സ്‌കൂളുകളിലോ ഒന്നും സുരക്ഷിതരല്ല. നിഷ്‌കളങ്കരായ അവരോട് ലൈംഗിക വികാരം തോന്നുന്നുവെങ്കില്‍ അത് മാരകമായ ഒരു പ്രശ്‌നമാണ്. പോക്‌സോ നിയമം നല്ല നിയമം തന്നെ. എന്നാല്‍ പല കേസുകളും കോടതികളില്‍ കെട്ടിക്കിടക്കുന്നു. പകുതിപ്പേര്‍ക്കു പോലും ശിക്ഷ ലഭിക്കുന്നില്ലെന്നും കൈലാഷ് സത്യാര്‍ത്ഥി പറഞ്ഞു.

കുട്ടികളുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 2014-ല്‍ കൈലാഷ് സത്യാര്‍ത്ഥിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചിരുന്നു.