ജനപ്രതിനിധികള്‍ വരവില്‍ കവിഞ്ഞും സമ്പാദിച്ചു കൂട്ടുന്നെന്ന് റിപ്പോര്‍ട്ട്; ആരൊക്കെയാണവരെന്നു ചൊവ്വാഴ്ചയറിയാം
ന്യൂഡ്യല്‍ഹി: രാജ്യത്തെ ഏഴ് ലോക് സഭാ എം.പിമാരുടെയും 98 എം.എല്‍.എമാരുടെയും സ്വത്തില്‍ വരവില്‍ കവിഞ്ഞ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് പ്രത്യക്ഷ നികുതി കേന്ദ്ര ബോര്‍ഡ് റിപ്പോര്‍ട്ട്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് രാജ്യത്തെ ജനപ്രതിനിധികളുടെ സ്വത്തിലുണ്ടായ വര്‍ധനയെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ഇതിനെക്കുറിച്ച് കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ചൊവ്വാഴ്ച സീല്‍ വെച്ച കവറില്‍ ഇവരുടെ പേരു വിവരങ്ങള്‍ ഹാജരാക്കാമെന്ന് പ്രത്യക്ഷ നികുതി കേന്ദ്ര ബോര്‍ഡ് സുപ്രീം കോടതിയില്‍ അറിയിച്ചു.
ആദായ നികുതി വകുപ്പ് ഇവര്‍ക്കെതിരെ പ്രാഥമികാന്വേഷണം നടത്തിയിട്ടുണ്ട്. എം.പിമാരുടെ സ്വത്തില്‍ വന്‍ വര്‍ധനയും എം.എല്‍.എമാരുടെതില്‍ ഗണ്യമായ വര്‍ധന ഉണ്ടായതായി അന്വേഷണത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാത, മറ്റ് ഒമ്പത് ലോക് സഭാ എം.പിമാരുടെയും 11 രാജ്യ സഭാ എം.പിമാരുടെയും 42 എം.എല്‍.എമാരുടെയും സ്വത്തുക്കള്‍ കണക്കാക്കിക്കൊണ്ടിരിക്കുകയായാണെന്നും പ്രത്യക്ഷ നികുതി ബോര്‍ഡ് കോടതിയെ അറിയിച്ചിട്ടുണ്ട്.
ലക്‌നോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന ലോക് പ്രഹരിയുടെ ആരോപണത്തെ തുടര്‍ന്നാണ് പ്രത്യക്ഷ നികുതി കേന്ദ്ര ബോര്‍ഡ് അന്വഷണം നടത്തിയത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂല പ്രകാരം നല്‍കിയ കണക്കുകളനുസരിച്ച് 26 ലോക് സഭ എം.പിമാര്‍ക്കും 11 രാജ്യസഭാ എം.പിമാര്‍ക്കും 257 എം.എല്‍.എ മാര്‍ക്കും വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്നുമാണ് ലോക് പ്രഹരി ആരോപിക്കുന്നത്.