നാദിര്‍ഷയുടെ അറസ്റ്റിന് സാധ്യത; ആശുപത്രിവിട്ട നാദിര്‍ഷയെ നിരീക്ഷിച്ച് പോലീസ്, വിശദമായി ചോദ്യം ചെയ്യും

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് നിരീക്ഷണത്തിലായിരുന്ന, സംവിധായകനും നടനുമായ നാദിര്‍ഷാ ആശുപത്രി വിട്ടു. ഞായറാഴ്ച രാത്രി 9.30 ഓടു കൂടിയാണ് നാദിര്‍ഷാ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് വാങ്ങിയത്.

സാധാരണ ഞായറാഴ്ചകളില്‍ ആശുപത്രിയില്‍ ഡിസ്ചാര്‍ജ് പതിവില്ലാത്തതാണെന്നും എന്നാല്‍ പ്രത്യേക അപേക്ഷയെ തുടര്‍ന്നാണ് നാദിര്‍ഷായെ ഡിസ്ചാര്‍ജ് ചെയ്തതെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. നേരത്തെ രണ്ടാമതും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനുള്ള പോലീസ് തീരുമാനത്തിനു പിന്നാലെയാണ് നാദിര്‍ഷാ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിച്ചത്.

കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് പ്രതി ദിലീപിനെയും നാദിര്‍ഷായെയും അന്വേഷണ സംഘം നേരത്തെ മണിക്കൂറുകല്‍ നീണ്ട ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരായ തെളിവെടുപ്പ് പൂര്‍ത്തിയാകുന്നതോടെ നാദിര്‍ഷായെയും അറസ്റ്റുചെയ്യുമെന്ന സൂചനയുണ്ടായതിനെത്തുടര്‍ന്ന് നാദിര്‍ഷാ സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ കേസില്‍ അറസ്റ്റ് തടയണമെന്ന നാദിര്‍ഷായുടെ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു.