കോഴിക്കോട് ആദിവാസി കോളനിയില്‍ എഴാംക്ലാസുകാരി പ്രസവിച്ചു; സംഭവം പട്ടിണി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കോളനിയില്‍
കോഴിക്കോട്ടെ മലയോര ആദിവാസി കോളനിയില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ (14 വയസ്) ആദിവാസി പെണ്‍കുട്ടി പ്രസവിച്ചു. ഓഗസ്റ്റ് 17 നാണ് പ്രസവം നടന്നത്. കഴിഞ്ഞ ഫെബ്രുവരി വരെ കുട്ടി സ്‌കൂളില്‍ പോയിരുന്നുവെന്നാണ് വിവരം. അതിന് ശേഷം വയറുവേദനെയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ വിവാഹം ഗോത്രാചാര പ്രകാരം നടന്നുവെന്നാണ് വെളിപ്പെടുത്തല്‍. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഈ കോളനികളുമായി നേരിട്ട് ബന്ധമുള്ള സ്‌കൂളധികൃതരാണ് ഇക്കാര്യം ആദ്യം പുറത്തറിയുന്നത്.
പെണ്‍കുട്ടി പ്രസവിച്ച കോളനിയില്‍ പുറത്തു നിന്ന് ആളുകള്‍ എത്തുന്നുണ്ടെന്നും അവിടെ ക്രമസമാധാന പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്നും സ്‌കൂളധികൃതര്‍ ആറുമാസം മുമ്പ് തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പട്ടിണിമരണങ്ങളെ തുടര്‍ന്ന് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ ആദിവാസി കോളനികളൊന്നിലാണ് ഇപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചത്. അന്ന് വലിയ തോതിലുള്ള സഹായപ്രഖ്യാപനങ്ങളുമായാണ് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും നല്‍കിയത്.