കാവ്യക്ക് കുരുക്ക് മുറുകുന്നു; റജിസ്റ്റര്‍ കാണാതായ സംഭവം കൂനിന്മേല്‍ കുരുവാകുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന നടി കാവ്യ മാധവന് കുരുക്ക് മുറുകുന്നു. കാവ്യ മാധവന്റെ കൊച്ചിയിലെ വില്ലയിലെ സന്ദര്‍ശക റജിസ്റ്റര്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായതാണ് സംഭവത്തില്‍ കാവ്യയുടെ പങ്കിലേക്കു സംശയം നീളുന്നത്. നടി ആക്രമിക്കപ്പെടുന്നതിനു മുന്‍പും ശേഷവുമുള്ള റജിസ്റ്ററുകളാണ് കാണാതായത്. ഇവ മനഃപൂര്‍വം നശിപ്പിച്ചതാണോയെന്നാണ് പൊലീസിന്റെ സംശയം. അതേസമയം, വെള്ളം വീണ് റജിസ്റ്റര്‍ നശിച്ചെന്നാണ് സുരക്ഷാ ജീവനക്കാരുടെ വിശദീകരണം. ഇതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേസില്‍ നേരത്തെ അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനി സംഭവത്തില്‍ മാഡത്തിനു പങ്കുണ്ടെന്നും, പിന്നീട് തന്റെ മാഡം കാവ്യയാണെന്നും വെളിപ്പെടുത്തിയിരുന്നു. റജിസ്റ്റര്‍ കാണാതായ സംഭവം ഗൂഢാലോചനയുടെ ഭാഗമാണെന്നും, തെളിവ് നശിപ്പിക്കാന്‍ നടത്തിയ ശ്രമമാണെന്നുമാണ് നിയമ വിദഗ്ധരും, അന്വഷണ സംഘവും വിലയിരുത്തുന്നത്.

അതെ സമയം നടിയെ ആക്രമിച്ച സംഭവത്തില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് ബുധനാഴ്ച വീണ്ടും ജാമ്യാപേക്ഷ നല്‍കും. അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വീണ്ടും അപേക്ഷ നല്‍കുന്നത്. കോടതി ഉപാധികള്‍ പൂര്‍ണമായും പാലിച്ച് അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുത്ത കാര്യം ചൂണ്ടിക്കാട്ടിയാവും ജാമ്യാപേക്ഷ നല്‍കുക.
ജയിലിലായി രണ്ടു മാസം പിന്നിടുമ്പോള്‍ ഇത് മൂന്നാം തവണയാണ് ജാമ്യം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയിലെത്തുന്നത്. മുന്‍പ് രണ്ടുതവണയും ഹൈക്കോടതി ജാമ്യ ഹര്‍ജി തള്ളിയിരുന്നു.