ശശികലയെ പുറത്താക്കി അണ്ണാ ഡി എം കെ യോഗത്തില്‍ പ്രമേയം;സര്‍ക്കാരിനെ മറിച്ചിടുമെന്നു ശശികല പക്ഷം, തമിഴ്നാട്ടില്‍ വീണ്ടു രാഷ്ട്രീയ പ്രതിസന്ധി
ചെന്നൈ: അനധികൃത സ്വത്തുസമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന വി.കെ ശശികലയെ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ചെന്നൈയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ശശികലയെ പുറത്താക്കിക്കൊണ്ടുള്ള പ്രമേയം പാസാക്കിയത്. പകരം ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുത്തില്ല. ജയലളിതയുടെ സ്മരണാര്‍ത്ഥം സെക്രട്ടറി സ്ഥാനം ഒഴിച്ചിടാനും യോഗത്തില്‍ തീരുമാനമായി. വിമതപക്ഷമായ ടി.ടി.വി ദിനകരനെയും ദിനകരന്‍ നിയമിച്ച ഭാരവാഹികളെയും പാര്‍ട്ടിയില്‍നിന്നു നീക്കി.
ജനറല്‍ സെക്രട്ടറി പദവി നീക്കിയതിനാല്‍ ഒ.പനീര്‍സെല്‍വത്തിന്റെ നേതൃത്വത്തിലുള്ള ഏകോപന സമിതി പാര്‍ട്ടിയുടെ ചുമതലകള്‍ നിര്‍വഹിക്കും. പനീര്‍സെല്‍വത്തെ ചീഫ് കോഓഡിനേറ്ററായും പളനിസാമിയെ അസിസ്റ്റന്റ് കോഓഡിനേറ്ററായും കൗണ്‍സില്‍ തിരഞ്ഞെടുത്തു. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവുമാണ് യോഗം വിളിച്ചുചേര്‍ത്തത്.
അതേസമയം, ജനറല്‍ കൗണ്‍സിലിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി ശശികല പക്ഷം രംഗത്ത് വന്നതോടെ, അണ്ണാ ഡി.എം.കെയില്‍ വീണ്ടും പൊട്ടിത്തെറിക്കു വഴിതെളിഞ്ഞു. തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഇവര്‍ വ്യക്തമാക്കി. ജനറല്‍ കൗണ്‍സില്‍ വിളിക്കാന്‍ പളനിസാമിക്ക് അധികാരമില്ലെന്ന് ശശികല വിഭാഗം ചൂണ്ടിക്കാട്ടി. ജനറല്‍ സെക്രട്ടറിക്കാണ് ഇതിന് അവകാശമുള്ളത്. ശശികലയെ പുറത്താക്കിയ സാഹചര്യത്തില്‍ ഒപ്പമുള്ള എം.എല്‍.എമാരെ ചേര്‍ത്തുനിര്‍ത്തി സര്‍ക്കാരിനെ മറിച്ചിടുമെന്നു ശശികല പക്ഷത്തുള്ള എം.എല്‍ എ മാര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.
നേരത്തെ ജനറല്‍ കൗണ്‍സിലിനെതിരെ ദിനകരന്‍ പക്ഷം നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ജനറല്‍ സെക്രട്ടറിക്ക് മാത്രമാണ് യോഗം വിളിച്ചു ചേര്‍ക്കാന്‍ അധികാരമെന്നും അതുകൊണ്ട് ഇന്നത്തെ യോഗത്തിന് സ്റ്റേ അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ ഹര്‍ജി തള്ളിയ കോടതി യോഗത്തിന് അനുമതി നല്‍കുകയായിരുന്നു.