കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ അഞ്ചു ശതമാനമാക്കി ഉയര്‍ത്തി

ദില്ലി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ശതമാനം അധിക ക്ഷാമബത്ത നാല് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതുക്കിയ ഡി എ വര്‍ധനക്ക് ജൂലൈ ഒന്നു മുതലുള്ള മുന്‍കാല പ്രാബല്യവും ലഭിക്കും. 50 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 60 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇത് പ്രയോജനപ്പെടും. ഇതിലൂടെ ഒരുവര്‍ഷം 3068 കോടി രൂപയുടെ അധിക ബാധ്യതയാണ് കേന്ദ്ര സര്‍ക്കാരിനുണ്ടാകുന്നത്.

പേയ്‌മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ഭേദഗതി ബില്ലിനും കേന്ദ്രമന്ത്രിസഭ യോഗം അംഗീകാരം നല്‍കി. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യമായ ഗ്രാറ്റുവിറ്റി ആനുകൂല്യം നല്‍കുന്നതിന് ബില്ലില്‍ വ്യവസ്ഥയുണ്ടാകും. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കി ഏഴാം ശമ്പള കമ്മീഷന്‍ ഉയര്‍ത്തിയിരുന്നു. പുനഃസംഘടനയ്ക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗമാണ് ഇന്ന് ചേര്‍ന്നത്.