കന്നുകാലികളുമായി വന്ന ലോറി തടഞ്ഞ ഗോസംരക്ഷകരെ വ്യാപാരികള്‍ ഓടിച്ചിട്ട് തല്ലി

മംഗളുരു: കന്നുകാലികളുമായി പോകുകയായിരുന്ന ലോറി തടഞ്ഞ ഗോസംരക്ഷക പ്രവര്‍ത്തകരെ വ്യാപാരികള്‍ ഓടിച്ചിട്ട് തല്ലി. കര്‍ണാടകയിലെ ഷിമോഗയ്ക്കടുത്താബു സംഭവം. മുപ്പതോളം കാലികളുമായി വന്ന ലോറി ഗോരക്ഷാ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ചെറിയ രീതിയില്‍ ആക്രമണത്തിന് മുതിര്‍ന്നു. ഇതോടെ ലോറിയില്‍ ഉണ്ടായിരുന്നവരും വ്യാപാരികളും കൂട്ടം ചേര്‍ന്ന് പ്രത്യാക്രമണം നടത്തുകയായിരുന്നു.

ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഗോ സംരക്ഷകര്‍ ഓടിയെങ്കിലും വ്യാപാരികള്‍ ഇവര്‍ക്ക് പിറകെ കൂടി മര്‍ദ്ദിക്കുകയായിരുന്നു. വ്യാപാരികള്‍ ഗോരക്ഷാ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചോടിച്ച ശേഷം കന്നുകലികളുമായി ലോറി വിട്ടു പോയി. മര്‍ദ്ദനത്തില്‍ ഗോരക്ഷാ പ്രവര്‍ത്തകരായ ശ്രീകര, അജിത്, പ്രഭാത്, ഗണേഷ്, സുദര്‍ശന്‍ എന്നിവര്‍ക്ക് പരുക്കേറ്റു. കര്‍ണാടക ബിജെപി പ്രസിഡന്റ് ബി.എസ് യെദിയൂരപ്പയുടെ മണ്ഡലമാണ് ഷിമോഗ. ഗോരക്ഷാ പ്രവര്‍ത്തകര്‍ ഏറെയുള്ള മണ്ഡലമാണിത്.

ഗോ സംരക്ഷകരുടെ പരാതിയെത്തുടര്‍ന്ന് സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെ പൂനെയിലും ഗോസംരക്ഷകരെ നാട്ടുകാര്‍ മര്‍ദ്ദിച്ചിരുന്നു.