വന്‍തുക വാഗ്ദാനം നല്‍കി ; മലയാളികളെ വിദേശത്ത് കൊണ്ട് പോയി വൃക്ക തട്ടിയെടുത്ത് വില്‍ക്കുന്ന സംഘം പിടിയില്‍

മലയാളികളടക്കമുള്ള ഇന്ത്യാക്കാരെ വിദേശരാജ്യങ്ങളില്‍ എത്തിച്ച് വൃക്ക വ്യാപാരം നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ മുംബൈയില്‍ പിടിയിലായി. അന്താരാഷ്ട്ര അവയവ വ്യാപാര സംഘത്തിലെ കണ്ണികളെന്ന് സംശയിക്കുന്ന സുരേഷ് പ്രജാപതി, നിസാമുദ്ദീന്‍എന്നിവരാണ് പിടിയിലായത്. കേരളത്തില്‍ നിന്ന് രണ്ടു പേര്‍ ഉള്‍പ്പെടെ പതിനഞ്ചുപേരെ ഈജിപ്തിലേക്കും ശ്രീലങ്കയിലേക്കും കടത്തിയതായി ഇവര്‍ പൊലീസിന് മൊഴി നല്‍കി. കേരളത്തിനുപുറമെ ഡല്‍ഹി, കശ്മീര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും അവയവ മാഫിയയുടേ സഹായത്തോടെ വിദേശത്തുപോയവരില്‍ ഉള്‍പ്പെടുന്നതായാണ് പോലീസിന് ലഭിക്കുന്ന വിവരം.

ആവശ്യക്കാരില്‍ നിന്ന് 50 ലക്ഷം വരെ വാങ്ങിയ ശേഷം വൃക്ക നല്‍കാന്‍ തയ്യാറുള്ളവരെ കണ്ടെത്തുകയാണ് സംഘത്തിന്റെ രീതി. എന്നാല്‍ അവയവങ്ങള്‍ നല്‍കുവാന്‍ തയ്യാറാകുന്നവര്‍ക്ക് ലഭിക്കുന്നത് അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയും. ഇവര്‍ക്ക് പാസ്‌പോര്‍ട്ടും വിസയും വിമാനടിക്കറ്റുമെല്ലാം ഏജന്റുമാര്‍ തയ്യാറാക്കും. തുടര്‍ന്ന് വിദേശത്തത്തിച്ചാണ് അവയവ വില്‍പന. ഈജിപ്തിലും ശ്രീലങ്കയിലും അവയവവ്യാപാരം നിയന്ത്രിക്കാന്‍ ശക്തമായ നിയമങ്ങളില്ലെന്നത് മറയാക്കിയാണ് സംഘത്തിന്റെ പ്രവര്‍ത്തനമെന്ന് പൊലീസ് പറഞ്ഞു. വൃക്ക നല്‍കാന്‍ തയ്യാറായവരെ ഈജിപ്തിലെത്തിക്കാനുള്ള ശ്രമത്തിനിടെ മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് നിസാമുദ്ദീന്‍ പിടിയിലാകുന്നത്.