മുത്തലാഖ് ഇന്ത്യയില്‍ സജീവം; ഭാര്യയ്ക്ക് സൗന്ദര്യമില്ല ഭര്‍ത്താവ് സ്പീഡ്‌ പോസ്റ്റില്‍ മുത്തലാഖ് അയച്ചു നല്‍കി

മുത്തലാഖ് സുപ്രീം കോടതി വിലക്കിയിട്ടും ഇന്ത്യയില്‍ ഭാര്യ സുന്ദരിയല്ലെന്നു ചൂണ്ടിക്കാട്ടി ഭര്‍ത്താവിന്റെ മുത്തലാഖ് സ്പീഡ് പോസ്റ്റില്‍. യു.പി. സ്വദേശിയായ മുഹമ്മദ് അര്‍ഷാദ് ആണ് രാജസ്ഥാനിലെ ജയ്‌സാല്‍മെറിലെ പൊഖ്രാനില്‍ മംഗോലയ് ഗ്രാമത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന ഭാര്യയ്ക്കു വിവാഹമോചനത്തിന്റെ ഭാഗമായ മുത്തലാഖ് സ്പീഡ് പോസ്റ്റില്‍ അയച്ചുകൊടുത്തത്.

സെപ്റ്റംബര്‍ ഒന്നിനാണ് ഉര്‍ദുവിലുള്ള കത്ത് അയച്ചത്. നിരക്ഷരരായതിനാല്‍ മറ്റൊരാളാണു ഇവര്‍ക്കു കത്തു വായിച്ച് കൊടുത്തത്. കല്യാണം കഴിഞ്ഞു രണ്ടര വര്‍ഷങ്ങള്‍ക്കുശേഷമാണു വിവാഹമോചനമെന്നു യുവതിയുടെ പിതാവ് ചോട്ടു ഖാന്‍ പറഞ്ഞു.

ഒരുമിച്ചു ജീവിച്ച ആദ്യ കാലത്ത് മുഹമ്മദ് അര്‍ഷദിനു ഭാര്യയോടു പ്രശ്‌നമൊന്നുമില്ലായിരുന്നു. പിന്നീട് അവള്‍ക്കു സൗന്ദര്യമില്ലെന്നു ചൂണ്ടിക്കാട്ടി മര്‍ദനം ആരംഭിച്ചു. ഖാന്‍ പലതവണ ഇടപെട്ടിട്ടും പ്രശ്‌നപരിഹാരമൊന്നുമുണ്ടായില്ല. തുടര്‍ന്ന് ഓഗസ്റ്റ് 14ന് അര്‍ഷാദ് തപാല്‍ വഴി മുത്തലാഖ് അയച്ചിരുന്നു. അന്ന് അതും ഉര്‍ദുവിലായിരുന്നുവെന്നും പിതാവു പറയുന്നു.

അതേസമയം, രണ്ടുദിവസങ്ങള്‍ക്കുമുന്‍പു റജിസ്റ്റര്‍ ചെയ്ത പരാതിയിന്മേല്‍ നടപടി കൈക്കൊള്ളുമെന്ന് എസ്.പി. ഗൗരവ് യാദവ് പറഞ്ഞു.