യുപിഎ പരാജയപ്പെടാന്‍ കാരണം ചില നേതാക്കളുടെ ധാര്‍ഷ്ട്യം ; വരും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ തയ്യാര്‍ : രാഹുല്‍ഗാന്ധി

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുപിഎയുടെ പരാജയത്തിനു കാരണം പാര്‍ട്ടിയിലെ ചില നേതാക്കളുടെ ധാര്‍ഷ്ട്യമാണെന്നും നോട്ട് അസാധുവാക്കിയതും ആളുകളെ കൂട്ടംകൂടി തല്ലിക്കൊല്ലുന്നതുമാണോ പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്ന പുതയ ഇന്ത്യയെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അക്രമരാഹിത്യവും അഹിംസയുമാണ് ഇന്ത്യന്‍ ജനതയുടെ ഐക്യത്തിനു കാരണം. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളില്‍ അക്രമസംഭവങ്ങളാണ് അരങ്ങേറുന്നത്. ഇത് ബിജെപി സര്‍ക്കാറിന്റെ പരാജയമാണ്. മനുഷ്യ ചരിത്രത്തില്‍ ഇന്ത്യയല്ലാതെ മറ്റൊരു ജനാധിപത്യ രാജ്യത്തും ഇത്രയധികം പേരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ സാധിച്ചിട്ടില്ല. ഇതെല്ലാം നടന്നത് അഹിംസാമാര്‍ഗത്തിലൂടെയാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. ധ്രൂവീകരണ രാഷ്ട്രീയം ഏറ്റവും മ്ലേച്ഛമായ നിലയിലാണ് ഇന്ത്യയില്‍ നടമാടുന്നത്. ഇത് ഏറെ ആപത്കരമാണ്. ജനങ്ങളെ ഒറ്റപ്പെടുത്തുകയും തീവ്രവാദ ആശയങ്ങളിലേക്ക് വഴിതെറ്റിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിവില്ലാത്തവനായി തന്നെ മോദി സര്‍ക്കാര്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. സംഘടന തെരഞ്ഞെടുപ്പിലൂടെ മാത്രമാണ് താന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷ സ്ഥാനത്തെത്തിയത്. അമേരിക്കയിലെ ബെര്‍ക്ക്‌ലി സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. 2014 ല്‍ താങ്കളെ പ്രധാനമന്ത്രിയാക്കണമെന്ന് ആവശ്യം ശക്തമായിരുന്നു. 2019 ല്‍ സമാന ആവശ്യ ഉയര്‍ന്നേക്കാം. ആ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാണോ എന്ന ചോദ്യത്തോട് ഞാന്‍ തയ്യാറാണ്.പക്ഷെ ഞങ്ങളുടെ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ഞങ്ങള്‍ക്ക് സംഘടനാ രീതിയുണ്ട്. ആഭ്യന്തരസംവിധാനം ഉണ്ട്. കോണ്‍ഗ്രസാണ് തീരുമാനം എടുക്കേണ്ടത്-രാഹുല്‍ പറഞ്ഞു. മക്കള്‍ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചോദ്യത്തിന് അത് ഇന്ത്യയുടെ രീതിയാമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

താന്‍ മാത്രമല്ല, അഖിലേഷ് യാദവ്, എംകെ സ്റ്റാലിന്‍, അഭിഷേക് ബച്ചന്‍, അനുരാഗ് ഠാക്കൂര്‍ എന്നിവരെല്ലാം ഇതിനുദാഹരണങ്ങളാണെന്നും രാഹുല്‍ വിശദീകരിച്ചു. 2102ല്‍ പാര്‍ട്ടിയെ ധാര്‍ഷ്ട്യ ഗ്രസിച്ചിരുന്നതായും അതുകൊണ്ടാണ് ജനങ്ങളുമായുള്ള ഇടപെടല്‍ കുറഞ്ഞതെന്നും രാഹുല്‍ പറഞ്ഞു. അതിന്റെ ഫലമാണ് 2014ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അനുഭവിക്കേണ്ടിവന്നതെന്നും രാഹുല്‍ പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ വിവരവാകാശ നിയമത്തിന് കൂച്ചുവിലങ്ങ് വീണുവെന്നും യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇത് കുറേകൂടി സ്വതന്ത്രമായിരുന്നുവെന്നും രാഹുല്‍ അവകാശപ്പെട്ടു.